കൊച്ചി: ബ്രഹ്മപുരം മാലിന്യം കത്തിച്ചതുമായി ബന്ധപ്പെട്ട് നാളിതുവരെ ഒരു കേസ് പോലും എടുക്കാൻ കഴിയാത്തത് വളരെ ദൗർഭാഗ്യകരമെന്ന് കെ പി സി സി ശാസ്ത്രവേദി ജില്ല കമ്മിറ്റി പ്രമേയത്തിലൂടെ അറിയിച്ചു. മാലിന്യ കൂമ്പാരം ഒരു ജൈവ ബോംബായി വളർന്നിട്ടും നടപടി സ്വീകരിക്കാതെ മാറി നിന്ന ഭരണകൂടം കുറ്റകരമായ അനാസ്ഥയാണ് ഉണ്ടായത്.
നഗര ഹൃദയത്തിലെ മാലിന്യം പോലും നീക്കുവാൻ കഴിയാതെ പൊതുജനാരോഗ്യം വെല്ലുവിളിക്കപ്പെടുന്നു. ദുരന്തബാധിതർക്ക് നഷ്ടപരിഹാരം നൽകണം. ആരോഗ്യ ഡേറ്റ വേണമെന്നും കെ പി സി സി ശാസ്ത്ര വേദി പ്രമേയം ചൂണ്ടിക്കാട്ടി. സമാന ദുരന്തങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണം.
ഹൈക്കോടതി സിറ്റിങ്ങ് ജഡ്ജിയെ കൊണ്ട് അന്വേഷണം നടത്തിച്ച് കുറ്റക്കാരെ കർശനമായി ശിക്ഷിക്കണം. വലിയ ഒരു വിഷ ബോംബിന്റെ മുകളിലാണ് ഈ നഗരം.
പുക വെളളമൊഴിച്ച് ഭാഗികമായി കെടുത്തിയിട്ടും ഡയോക്സിനുകൾ അവിടെ തന്നെയുണ്ടെന്നത് അധികാരികൾ മറക്കരുത്.
ഡയോക്സിനുകൾ പ്രത്യൂൽപ്പാദനപരവും, വളർച്ച വികാസ പരവുമായ പ്രശ്നങ്ങൾക്ക് കാരണമാകും. രോഗപ്രതിരോധ സംവിധാനത്തെ നശിപ്പിക്കുകയും ഹോർമോൺ അസന്തുലിതാവസ്ഥയും, ക്യാൻസറിന് കാരണമാവുകയും ചെയ്യുമെന്ന് കെ പി സി സി ശാസ്ത്ര വേദി പ്രമേയത്തിലൂടെ ഉന്നയിച്ചു.
പബ്ലിക് സർവ്വീസ് കമ്മീഷൻ മുൻ അംഗം സിമി റോസ് ബെൽ ജോൺ ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡൻറ് ലിജോ ജോൺ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻറ് ആർ ചെല്ലമ്മ, ജില്ല ജനറൽ സെക്രട്ടറി വിജയൻ പി. മുണ്ടിയാത്ത്, ജോജോ മനക്കൽ, എൽദോസ് പി.പോൾ, ഷൈബി പാപ്പച്ചൻ, ജോജി പനത്തറ, ഐഡ പിൻ ഹിറോ, ജെറീസ് മുഹമ്മദ്, സിബി കുര്യാക്കോസ്, കെ.വി ഉണ്ണികൃഷ്ണൻ, പോളി ഫ്രാൻസിസ്, വിനു ചാക്കോ , കെ.വി.ശശിധരൻ, പോളി ഫ്രാൻസിസ്, കെ.പ്രേംലാൽ, ബാബു വർഗീസ് എന്നിവർ പ്രസംഗിച്ചു.







