Hot Posts

6/recent/ticker-posts

മന്ത്രിമാരുടെ താലൂക്ക് തല അദാലത്തിൽ പങ്കെടുക്കാനുള്ള അപേക്ഷയ്ക്ക് സര്‍വീസ് ചാര്‍ജ് നല്കണം



സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തില്‍ മന്ത്രിമാര്‍ നടത്തുന്ന താലൂക്ക് തല അദാലത്തില്‍ പരാതി നല്‍കാന്‍ സര്‍വീസ് ചാര്‍ജ് അടയ്ക്കണം. അക്ഷയകേന്ദ്രങ്ങള്‍ വഴിയാണ് അദാലത്തിലേക്ക് അപേക്ഷിക്കാന്‍ 20 രൂപ സര്‍വീസ് ചാര്‍ജ് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അപേക്ഷ സ്കാന്‍ ചെയ്യാനും പ്രിന്‍റ് എടുക്കാനും പേപ്പറൊന്നിന് മൂന്നു രൂപ വച്ച് വേറെ നല്‍കുകയും വേണം.




തീര്‍പ്പാകാതെ കിടക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിനാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതിപരിഹാര അദാലത്ത് നടത്തുന്നത്. താലൂക്ക് കേന്ദ്രത്തില്‍ നടക്കുന്ന അദാലത്തില്‍ പങ്കെടുക്കാന്‍ എത്തുന്നതിന് മുൻപ് അക്ഷയ കേന്ദ്രം വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. 


ഇതുവഴി അക്ഷയകേന്ദ്രങ്ങള്‍ക്കുണ്ടാകുന്ന ചെലവ് ചൂണ്ടിക്കാണിച്ച് അക്ഷയ ഡയറക്ടര്‍ സര്‍ക്കാരിന് കത്തുനല്‍കി. ഈ കത്ത് പരിഗണിച്ചാണ് പരാതിക്കാരില്‍നിന്നു സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.


അപേക്ഷയൊന്നിന് 20 രൂപ സര്‍വീസ് ചാര്‍ജായി നിശ്ചയിച്ചു. ഇതോടൊപ്പം അപേക്ഷക്കായി പേപ്പര്‍ സ്കാന്‍ ചെയ്യുന്നതിന് ഒരു പേപ്പറിന് മൂന്നുരൂപ വച്ച് നല്‍കണം. 


പ്രിന്‍റെടുക്കാനും മൂന്നുരൂപ വച്ച് നിരക്കു നിശ്ചയിച്ചു. ഐടി വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറിക്കിയിരിക്കുന്നത്. ഈ മാസവും അടുത്ത മാസവുമായാണ് സംസ്ഥാന വ്യാപകമായി പരാതി പരിഹാര അദാലത്തുകള്‍ നടത്തുന്നത്.




Reactions