Hot Posts

6/recent/ticker-posts

കോട്ടയം ജില്ലയിൽ 2 പേർക്ക് സൂര്യാതപമേറ്റു




കോട്ടയം ജില്ലയിൽ രണ്ടിടങ്ങളിലായി 2 പേർക്കു സൂര്യാതപമേറ്റു. വൈക്കത്തു മരപ്പണി തൊഴിലാളിയായ കുലശേഖരമംഗലം കല്ലുവാതുക്കൽ കെ.സി.ജേക്കബിനും (67) ഏറ്റുമാനൂരിൽ സ്കൂട്ടർ യാത്രക്കാരനായ ഗീതാനിലയത്തിൽ നാരായണൻ നായർക്കുമാണ് (86) ഇന്നലെ സൂര്യാതപമേറ്റത്. 


വെള്ളിയാഴ്ച വിവിധ ആവശ്യങ്ങൾക്കായി വെയിലത്ത് സൈക്കിളിൽ യാത്ര ചെയ്ത ജേക്കബിന്റെ ഇരു കൈകൾക്കും ശക്തമായ പുകച്ചിൽ അനുഭവപ്പെടുകയായിരുന്നു. ശനി രാവിലെ ഇരു കൈകളിലും കുമിളകൾ രൂപപ്പെട്ട് ശക്തമായ വേദനയായി. 



ചികിത്സ തേടി വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറാണ് സൂര്യാതപം സ്ഥിരീകരിച്ചത്. നാരായണൻ നായരുടെ കയ്യിലാണ് പൊള്ളലേറ്റത്. 




കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് സ്കൂട്ടറിൽ കോട്ടയത്തിനു പോയി മടങ്ങി വരുമ്പോൾ കൈകളിൽ അസഹ്യമായ ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് സൂര്യാതപമെന്നു കണ്ടെത്തിയത്. പ്രാഥമിക ചികിത്സ തേടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയിലുടനീളം ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്.

കരുതൽ വേണം

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്കു കളയുന്നതിന് തടസ്സം നേരിടുകയും ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം. 



സൂര്യാഘാതത്തെക്കാൾ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടുംമഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യതാപത്തിന്റെ ലക്ഷണങ്ങൾ. 

Reactions