പത്തനംതിട്ട : കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ 30 ശതമാനം നിരക്ക് ഇളവുമായി ജില്ലയിൽ സർവീസ് നടത്തുന്നത് 20 കെഎസ്ആർടിസി ബസുകൾ. ഇതിൽ 2 ഷെഡ്യൂൾ സൂപ്പർ ഫാസ്റ്റും ബാക്കി ഫാസ്റ്റ് പാസഞ്ചറുമാണ്.
കാഞ്ഞങ്ങാട് - പുനലൂർ, പത്തനാപുരം-ചന്ദനക്കാംപാറ എന്നിവയാണ് സൂപ്പർ ഫാസ്റ്റുകൾ. കാഞ്ഞങ്ങാട് ബസ് ചിറ്റാരിക്കാൽ, ആലക്കോട്, തളിപ്പറമ്പ്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, തൊടുപുഴ, പാലാ, റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം വഴിയാണ് പുനലൂർ എത്തുക. ചന്ദനക്കാംപാറ ബസ് പത്തനാപുരത്തുനിന്ന് പുറപ്പെട്ട് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഗുരുവായൂർ, കോഴിക്കോട്, തലശ്ശേരി, ഇരിട്ടി, ശ്രീകണ്ഠപുരം, പയ്യാവൂർ വഴിയാണ് സർവീസ് നടത്തുന്നത്.
പത്തനംതിട്ട-പാടിച്ചിറ, വർക്കല-മുണ്ടക്കയം, ചാത്തന്നൂർ-കുമളി, കൊട്ടാരക്കര-കൊല്ലം-കുമളി, പുനലൂർ-എറണാകുളം, കൊല്ലം-കുമളി, കൊല്ലം-കോരുത്തോട്, അടൂർ-ആലുവ, അടൂർ-കൂട്ടാർ, പത്തനംതിട്ട-ചേനപ്പാടി-എറണാകുളം, പത്തനംതിട്ട-കാക്കനാട്-എറണാകുളം, പത്തനംതിട്ട-വീഗാലാൻഡ്-എറണാകുളം, നെടുങ്കണ്ടം-അടിമാലി-പത്തനംതിട്ട, നെടുങ്കണ്ടം-കൊട്ടാരക്കര, ചെങ്ങന്നൂർ-കോമ്പയാർ എന്നിവയാണ്. ഈ ബസുകളുടെ മുന്നിലും പിന്നിലും നിരക്ക് ഇളവ് കാണിച്ച് പ്രത്യേക ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിനു മുകളിൽ സൂപ്പർ ക്ലാസ് സർവീസ് നടത്താൻ കഴിയില്ലെന്ന സർക്കാർ ഉത്തരവിനെ തുടർന്നാണ് ഈ പെർമിറ്റുകൾ കെഎസ്ആർടിസി ഏറ്റെടുത്തത്. എന്നാൽ സ്വകാര്യ ബസുകൾ ഹൈക്കോടതിയിൽനിന്നു താൽക്കാലിക അനുമതി വാങ്ങി ഇതേ സമയത്തുതന്നെ സർവീസ് നടത്തുന്നുണ്ട്. ഇതേത്തുടർന്നാണ് യാത്രക്കാരെ കൂടുതൽ ആകർഷിക്കാൻ കെഎസ്ആർടിസി 30 ശതമാനം നിരക്കിളവ് നൽകിയത്.





