Hot Posts

6/recent/ticker-posts

ആശങ്കയ്ക്ക് വിരാമം; അരിക്കൊമ്പന്‍ റേഞ്ചില്‍ തിരിച്ചു കയറി, സിഗ്നൽ ലഭിച്ചു തുടങ്ങി



ഇടുക്കി: ചിന്നക്കനാലിൽ നിന്ന് പെരിയാറിലേക്ക് കാടുമാറ്റിയ അരിക്കൊമ്പന്റെ കഴുത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ പുനഃസ്ഥാപിച്ചു. കഴിഞ്ഞ ദിവസം രാത്രി മുതൽ നഷ്ടമായ സിഗ്നൽ രാവിലെയോടെ ലഭിച്ചുതുടങ്ങുകയായിരുന്നു. നിലവിൽ തമിഴ്നാട് അതിർത്തിക്കടുത്ത് മുല്ലക്കുടിയിലാണ് അരിക്കൊമ്പനുള്ളതെന്നാണ് ലഭിക്കുന്ന വിവരം.



അരിക്കൊമ്പനിൽ ഘടിപ്പിച്ച കോളറിൽ നിന്ന് സിഗ്നൽ നഷ്ടപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ജനവാസ മേഖലയിലേക്ക് ആന ഇറങ്ങിയോ എന്ന ആശങ്കയും ഉയർന്നിരുന്നു. 


എന്നാൽ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ പുനഃസ്ഥാപിച്ചതോടെ ആശങ്കയ്ക്ക് വിരാമമായി. മൂന്ന് ദിവസം കൊണ്ട് 20 കിലോ മീറ്ററോളം ആന സഞ്ചരിച്ചുവെന്നാണ് റിപ്പോർട്ട്. നിലവിൽ ആനയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വനംവകുപ്പ് നൽകുന്ന വിവരം.




കേരള തമിഴ്നാട് അതിർത്തി പ്രദേശമായ മാവടിയിലാണ് സിഗ്നൽ നഷ്ടപ്പെടുന്ന സമയത്ത് അരിക്കൊമ്പനിൽ ഘടിപ്പിച്ച കോളറിൽ നിന്ന് സിഗ്നൽ ലഭിച്ചത്. തുടർന്ന് തമിഴ്നാടിലെ മാവടിയിൽ അരിക്കൊമ്പൻ ഉണ്ടാകാം എന്ന വിലയിരുത്തലിലായിരുന്നു വനംവകുപ്പ്.


കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ ഇടുക്കിയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ ഉണ്ടായിരുന്നു. ഇതാകാം സിഗ്നൽ നഷ്ടമാകാൻ കാരണമന്നാണ് കരുതുന്നത്. അല്ലെങ്കിൽ, ഉൾക്കാട്ടിലേക്ക് അരിക്കൊമ്പൻ കയറിയിട്ടുണ്ടെങ്കിൽ സിഗ്നൽ നഷ്ടപ്പെടാനും സാധ്യതയുണ്ട്. സിഗ്നൽ നഷ്ടപ്പെട്ടതിന് പിന്നാലെ രണ്ട് ടീമുകളായി തിരിഞ്ഞ് വനംവകുപ്പ് തിരച്ചിലും ആരംഭിച്ചിരുന്നു.

Reactions