Hot Posts

6/recent/ticker-posts

ആതിരയുടെ മരണം: പ്രതി കേരളം വിട്ടു, പോലീസ് സ്‌റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്




കോട്ടയം: കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയെ കണ്ടെത്താന്‍ പോലീസിന്റെ അന്വേഷണം തുടരുന്നു. കടുത്തരുത്തി കോതനല്ലൂര്‍ സ്വദേശി ആതിരയുടെ മരണത്തിലാണ് പ്രതിയായ അരുണ്‍ വിദ്യാധരനായി തിരച്ചില്‍ വ്യാപിപ്പിച്ചിരിക്കുന്നത്. 


ഇയാള്‍ സംസ്ഥാനം വിട്ടെന്ന് കഴിഞ്ഞദിവസം തന്നെ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചിരുന്നു. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന. കഴിഞ്ഞദിവസം പ്രതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയത് കോയമ്പത്തൂരിലാണെന്നും വിവരങ്ങളുണ്ട്. നിലവില്‍ അയല്‍സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസിന്റെ തിരച്ചില്‍ തുടരുന്നത്.


അതേസമയം, സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് ബുധനാഴ്ച രാവിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടുത്തുരുത്തി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ആതിര പരാതിനല്‍കിയ വിവരം പോലീസ് സ്‌റ്റേഷനില്‍നിന്ന് പ്രതിക്ക് ചോര്‍ത്തി നല്‍കിയെന്നും അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നുമായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം.




സ്റ്റേഷനകത്തേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് മാറ്റാന്‍ ശ്രമിച്ചതോടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വൈക്കം എ.എസ്.പി.യുടെ നേതൃത്വത്തില്‍ കൂടൂതല്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

Reactions