കൊച്ചി: കൊച്ചി പുറംകടലില്‍ കപ്പലില്‍നിന്ന് പിടിച്ചെടുത്ത ലഹരിമരുന്നിന് 25,000 കോടി രൂപ വിലവരുമെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി). പിടിച്ചെടുത്ത ലഹരിമരുന്നിന്റെ അളവ് തിട്ടപ്പെടുത്തിയതിന് പിന്നാലെയാണ് ഇതിന്റെ വിപണിമൂല്യം എത്രയാണെന്ന വിവരം എന്‍.സി.ബി. പുറത്തുവിട്ടത്.
കപ്പലില്‍നിന്ന് പിടിച്ചെടുത്ത മെത്താംഫിറ്റമിന്‍ ലഹരിമരുന്നിന്റെ കണക്കെടുപ്പും തരംതിരിക്കലും 23 മണിക്കൂറോളമെടുത്താണ് പൂര്‍ത്തിയായത്. ആകെ 2525 കിലോ മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തതായാണ് എന്‍.സി.ബി. നല്‍കുന്ന ഔദ്യോഗികവിവരം. 134 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും മുന്തിയ ഇനം ലഹരിമരുന്നായതിനാലാണ് ഇത്രയധികം വിപണിമൂല്യമുള്ളതെന്നും എന്‍.സി.ബി. അധികൃതര്‍ പറഞ്ഞു.
ശനിയാഴ്ചയാണ് കൊച്ചി പുറംകടലില്‍ കപ്പല്‍ വളഞ്ഞ് കിലോക്കണക്കിന് മെത്താംഫിറ്റമിന്‍ ലഹരിമരുന്ന് എന്‍.സി.ബി.യും നാവികസേനയും ചേര്‍ന്ന് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരു പാകിസ്താന്‍ സ്വദേശിയെയും കസ്റ്റഡിയിലെടുത്തിരുന്നു. രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വിപണിമൂല്യമുള്ള ലഹരിവേട്ടയാണിത്.





