കൊട്ടാരക്കര താലൂക്ക് ആശുപത്രിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.രാജ്യത്ത് മറ്റൊരിടത്തും ഉണ്ടാകാത്ത സംഭവ വികാസങ്ങളാണ് അരങ്ങേറിയത്.
ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടൂവെന്നും കോടതി പറഞ്ഞു. പൊലീസിന്റെ കയ്യിൽ തോക്കുണ്ടായിരുന്നില്ലേ എന്നും കോടതി ചോദിച്ചു.
സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി നാളെ രാവിലെ കോടതിക്കു വിശദീകരണം നൽകണമെന്നു ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പ്രത്യേക സിറ്റിങ്ങ് നടത്തിയാണു നിർദേശം നൽകിയത്.
കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ആശുപത്രി സന്ദർശിച്ചു ഹൈക്കോടതിക്കു റിപ്പോർട്ട് നൽകണം. എങ്ങനെ സുരക്ഷ ഒരുക്കണമെന്നത് പറഞ്ഞു തരേണ്ടത് കോടതിയല്ല. ആക്രമണങ്ങൾ ചെറുക്കാനല്ലേ സുരക്ഷാ സംവിധാനങ്ങളെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
ഡോക്റുടെ അടുത്ത് പ്രതിയെ ഒറ്റയ്ക്ക് നിർത്തണമെന്ന സർക്കാർ ഉത്തരവ് ദുരന്തമാണ്. ഡോക്ടർ വന്ദന നമ്മുടെ മകളെന്നും കോടതി പറഞ്ഞു.





