കണ്ണൂര്‍: ലൈസന്‍സ് അപേക്ഷയില്‍ സേവ് ദി ഡേറ്റ് ഫോട്ടോ. തപാലില്‍ അയച്ച വിലാസത്തില്‍ കൈപ്പറ്റാന്‍ ആളില്ല. ഫോട്ടോ പതിച്ച പെറ്റ്-ജി കാര്‍ഡ് കിട്ടിയ ആള്‍ ആര്‍.ടി.ഒ. ഓഫീസിലെത്തിയത് ഇത് തന്റെ ഫോട്ടോ അല്ലെന്ന് പറഞ്ഞ്. പഴയ ലൈസന്‍സ് മാറ്റി പെറ്റ്-ജി സ്മാര്‍ട്ട് കാര്‍ഡ് ആക്കാനുള്ള നെട്ടോട്ടത്തില്‍ സംഭവിക്കുന്നത് വന്‍ പാളിച്ച. ആര്‍.ടി.ഒ. ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് അപേക്ഷകള്‍.
2024 മാര്‍ച്ച് 31 വരെ മാത്രമേ 245 രൂപയ്ക്ക് സ്മാര്‍ട്ട് ലൈസന്‍സ് കാര്‍ഡ് കിട്ടുവെന്ന മോട്ടോര്‍വാഹനവകുപ്പിന്റെ അറിയിപ്പാണ് ഈ പരക്കം പാച്ചിലിന് കാരണം. അപേക്ഷകള്‍ തിരക്കിട്ട് നല്‍കേണ്ടതില്ലെന്ന് പറയുമ്പോള്‍ തന്നെ ഈ തീയതിക്കുശേഷം ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സിനുള്ള ഫീസ് ഒടുക്കണമെന്ന മുന്നറിയിപ്പും അവര്‍ നല്‍കി.
ഇതിന് 1305 രൂപ (സേവന, തപാല്‍ നിരക്ക് അടക്കം) വേണം. ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ പെറ്റ്-ജി കാര്‍ഡ് എടുക്കണമെന്ന തെറ്റിദ്ധാരണയാണ് ഈ പ്രശ്‌നത്തിന് കാരണം.





