Hot Posts

6/recent/ticker-posts

നേഴ്സുമാർക്ക് ആദരമർപ്പിച്ച് കാവുംകണ്ടം മാതൃവേദി




കാവുംകണ്ടം: ലോക നേഴ്സ് ദിനത്തോടനുബന്ധിച്ച് കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ മാതൃവേദി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കടനാട് ഹെൽത്ത് സെന്ററിലെ എല്ലാ നേഴ്സുമാർക്കും ആദരമർപ്പിച്ചു. രാവും പകലും വിശ്രവുമില്ലാതെ സ്നേഹവും കരുണയും പരിചരണവും മാനവരാശിക്ക് നൽകുന്ന മാലാഖമാരാണ് നേഴ്സുമാർ എന്ന് വികാരി ഫാ. സ്കറിയ വേകത്താനം പറഞ്ഞു. 


ആധുനിക നേഴ്സിംഗിന് അടിസ്ഥാനമിട്ട ഫ്ളോറൻസ് നൈറ്റിംഗെയിൽ ആണ് ആതുരരംഗത്ത് ശുശ്രൂഷ ചെയ്യുന്ന എല്ലാ നേഴ്സുമാരുടെയും മാതൃക. നേഴ്സിംഗ് രംഗത്ത് മലയാളികളുടെ പങ്ക് നിസ്തുലമാണ്. രാജ്യത്തെ നേഴ്സുമാരിൽ 39% മലയാളികളാണ്. ഈ നാട്ടിലെ സമ്പദ് വ്യവസ്ഥയും കുടുംബ വളർച്ചയ്ക്കും നേഴ്സുമാരുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. കോവിഡ് കാലത്തും നിപ്പ വൈറസ് സമയത്തും ഡോക്ടർമാരുടെയും നേഴ്സുമാരുടെയും സേവനം ലോകത്തിന് വിസ്മരിക്കാനാവുന്നതല്ലെന്ന് ഫാ. സ്കറിയ വേകത്താനം ഓർമപ്പെടുത്തി.





സമ്മേളനത്തിൽ നിപ്പ വൈറസ് ബാധിച്ച് 2018 മെയ് 21ന് മരണമടഞ്ഞ പേരാമ്പ്ര സ്വദേശിനി ലിനിയെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ആക്രമിയുടെ കുത്തേറ്റ് മരണമടഞ്ഞ ഡോക്ടർ വന്ദനക്കും ആദരാഞ്ജലികൾ അർപ്പിച്ചു. സമ്മേളനത്തിൽ മാതൃവേദി യൂണിറ്റ് പ്രസിഡന്റ്‌ കൊച്ചുറാണി ജോഷി ഈരൂരിക്കൽ അധ്യക്ഷത വഹിച്ചു. ഡോക്ടർ വിവേക് മാത്യു ആമുഖപ്രഭാഷണം നടത്തി. 





ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സ് ബീന സാമുവേൽ, സുപ്രിയ തങ്കച്ചൻ, ഷൈബി തങ്കച്ചൻ താളനാനിക്കൽ, വത്സമ്മ രാജു അറക്കകണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. കടനാട് ഹെൽത്ത് സെന്ററിൽ സേവനമനുഷ്ഠിക്കുന്ന എല്ലാ നേഴ്സുമാർക്കും വികാരി ഫാ. സ്കറിയ വേകത്താനം ഉപഹാരം നൽകി ആദരിച്ചു. 

ഡോക്ടർ വിവേക് മാത്യു കേക്ക് മുറിച്ച് വിതരണം ചെയ്തു. സമ്മേളനത്തിൽ ക്വിസ്‌ മത്സരം നടത്തി. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ലിസി ഷാജി കോഴിക്കോട്ട്, ലില്ലിക്കുട്ടി ജോസഫ് പീടികയ്ക്കൽ, ഫിലോമിന കുമ്പളാങ്കൽ, രാജി, ജെയ്മോൾ, ബിന്ദു, ഗ്രേസി, നിർമ്മല, ജോബി, സാലിമോൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Reactions