Hot Posts

6/recent/ticker-posts

ഇന്ത്യയിൽ 10 കോടിയിലധികം പ്രമേഹ രോഗികളെന്ന് സർവേ ഫലം




ന്യൂഡല്‍ഹി: ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണം വൻതോതിൽ വർധിക്കുന്നതായി പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്- ഇന്ത്യ ഡയബറ്റീസ് (ICMR-INDIAB) നടത്തിയ സർവേയിൽ 10 കോടിയിലധികം ആളുകള്‍ക്ക് ഇന്ത്യയില്‍ പ്രമേഹമുള്ളതായി കണ്ടെത്തി. 


13.6 കോടി ആളുകള്‍ പ്രീഡയബെറ്റിക് ആണെന്നും 31.5 കോടി ആളുകള്‍ക്ക് ഉയർന്ന രക്തസമ്മർദം ഉണ്ടെന്നും ഈ പഠനത്തില്‍ പറയുന്നുണ്ട്. മെറ്റബോളിക്‌ നോണ്‍-കമ്മ്യൂണിക്കബിള്‍ ആയ അസുഖങ്ങളുടെ (എന്‍സിഡി) വ്യാപനം സംബന്ധിച്ച് ഇത്തരത്തിലൊരു പഠനം നടത്തുന്നത് ആദ്യമാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ സര്‍വേകളില്‍ ഒന്നാണിത്.


25.4 കോടി ആളുകളില്‍ പൊണ്ണത്തടി, 35.1 കോടി ആളുകളില്‍ അടിവയറ്റിലെ പൊണ്ണത്തടി, 21.3 കോടി ആളുകള്‍ക്ക് ഉയര്‍ന്ന കോളസ്‌ട്രോള്‍ (ഹൈപ്പര്‍കൊളസ്‌ട്രോലീമിയ), 18.5 കോടി ആളുകള്‍ക്ക് ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ ചീത്ത കൊളസ്‌ട്രോള്‍ ഉണ്ടെന്നും സര്‍വേയില്‍ കണ്ടെത്തി. 



ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് കേരളം, പുതുച്ചേരി, ഗോവ, സിക്കിം, പഞ്ചാബ് എന്നിവിടങ്ങളില്‍ ഇത്തരം അസുഖങ്ങളുടെ വ്യാപനം കൂടുതലാണെന്നാണ് പഠനം പറയുന്നത്.


2008-നും 2020-നും ഇടയില്‍ നടത്തിയ സര്‍വേയില്‍ 1,13,043 ആളുകള്‍ പങ്കെടുത്തു. ഇവരില്‍ 33,537 പേര്‍ നഗരവാസികളും 79,506 പേര്‍ ഗ്രാമവാസികളുമാണ്. ഇന്ത്യയുടെ വടക്കുഭാഗത്തും തെക്കുഭാഗത്തുമാണ് ഏറ്റവും ഉയര്‍ന്ന പ്രമേഹക്കണക്കെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. 




മധ്യഭാഗത്തും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അസുഖവ്യാപനം കുറവാണെന്നാണ് പഠനത്തില്‍ പറയുന്നത്. 'ദി ലാന്‍സെറ്റ് ഡയബെറ്റിസ് ആന്‍ഡ് എന്‍ഡോക്രൈനോളജി' എന്ന ജേണലില്‍ വ്യാഴാഴ്ചയാണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചത്.

Reactions