Hot Posts

6/recent/ticker-posts

പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്



മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നല്കി. ഡെങ്കിപ്പനി, ഇൻഫ്ളുവൻസ, എലിപ്പനി, സിക എന്നിവയ്ക്കെതിരേ ജാഗ്രത വേണം. നീണ്ടുനിൽക്കുന്ന പനി പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ ആരംഭത്തിലേ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. 


എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. സർക്കാർ സ്വകാര്യ ആശുപത്രികളിൽ ചികിത്സാ പ്രോട്ടോകോൾ ലഭ്യമാക്കിയിട്ടുണ്ട്. ജീവനക്കാർക്ക് പരിശീലന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 


സംസ്ഥാനത്ത് അവശ്യ മരുന്നുകൾ കെ.എം.എസ്.സി.എൽ. മുഖേന ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ആശുപത്രികളും മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളുടെ ലഭ്യതയും ഉറപ്പ് വരുത്തണമെന്നും നിർദേശം നൽകി.



ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ കാമ്പയിന്റെ ഭാഗമായി ‘മാരിയില്ലാ മഴക്കാലം’ എന്ന പേരിൽ പ്രത്യേക കാമ്പയിൻ ആരംഭിച്ചു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഊർജിതമായി നടത്തിയിരുന്നു. ശുചീകരണത്തിൽ നിരന്തരമായ തുടർ പ്രവർത്തനങ്ങൾ ആവശ്യമാണ്. 



വീടും പരിസരവും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. ഇതിലൂടെ ഡെങ്കിപ്പനി, സിക പോലുള്ള കൊതുകുജന്യ രോഗങ്ങൾ പ്രതിരോധിക്കാം. കൊതുകിന്റെ ഉറവിട നശീകരണം അതുകൊണ്ടുതന്നെ ഉറപ്പാക്കേണ്ടതാണ്. 

വീടും പരിസരവും ആഴ്ചയിലൊരിക്കൽ വൃത്തിയാക്കണം. വീടിന്റെ അകത്തെ ചെടിച്ചട്ടികൾ, ഫ്രിഡ്ജിന്റെ ട്രേ തുടങ്ങി പ്രത്യേകം ശ്രദ്ധിക്കണം.





മഴക്കാലത്ത് വയറിളക്ക രോ​ഗങ്ങളും വ്യാപകമാകാറുണ്ട്. ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് ഏറ്റവും നല്ലത്. കിണർ തുടങ്ങിയ ജല സ്ത്രോതസുകളിൽ മലിന ജലം കലരാതെ സംരക്ഷിക്കണം. 

ക്ലോറിനേഷൻ കൃത്യമായി ചെയ്യണം. വെള്ളം എപ്പോഴും മൂടിവയ്ക്കുക. എല്ലാവരും ഒരുപോലെ ശ്രദ്ധിച്ചാൽ നമ്മുടേയും പ്രിയപ്പെട്ടവരുടേയും ആരോഗ്യം സംരക്ഷിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

Reactions