Hot Posts

6/recent/ticker-posts

യുയുസിമാരുടെ പ്രായം അറിയണമെന്ന് കേരള സർവകലാശാല




തിരുവനന്തപുരം: സർവകലാശാല യൂണിയൻ കൗൺസിലർമാരുടെ (യുയുസി) പ്രായം സംബന്ധിച്ച് വിവരങ്ങൾ കൈമാറാത്ത കോളജുകൾക്ക് കേരള സർവകലാശാല മെമ്മോ നൽകും. 2 ദിവസത്തിനകം വിവരം കൈമാറണമെന്നു കാണിച്ച് 30 കോളജുകൾക്കാണ് മെമ്മോ നൽകുന്നത്. 


വിവരം കൈമാറിയില്ലെങ്കില്‍ കോളജുകള്‍ക്കെതിരെ നടപടി വന്നേക്കും. കേരള സര്‍വകലാശാലയ്ക്കു കീഴിലുള്ള 178 കോളജുകളോടാണു വിവരം കൈമാറാന്‍ ആവശ്യപ്പെട്ടിരുന്നത്.


സര്‍വകലാശാല നടത്തിയ പരിശോധനയില്‍ 39 കൗണ്‍സിലര്‍മാരെ അയോഗ്യരാക്കിയിരുന്നു. പ്രായപരിധി കഴിഞ്ഞവരെയാണ് അയോഗ്യരാക്കിയത്. ഇതിനു പിന്നാലെയാണ്, 30 കോളജുകളോട് ഉടന്‍ വിവരം കൈമാറണമെന്നു ആവശ്യപ്പെടുന്നത്. 


വിവരം കൈമാറിയില്ലെങ്കില്‍ ഇവിടത്തെ കോളജുകളിലെ കൗണ്‍സിലര്‍മാരെ അയോഗ്യരാക്കും. വോട്ടര്‍പട്ടികയില്‍നിന്നു പേരു നീക്കും. മാത്രമല്ല, അയോഗ്യതയുള്ളവരെ മത്സരിപ്പിച്ചതിനു കോളജുകള്‍ക്കെതിരെയും നടപടി വന്നേക്കും.


കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആൾമാറാട്ട വിവാദത്തെ തുടർന്നാണ് കൗൺസിലർമാരുടെ പ്രായം പരിശോധിക്കാൻ സർവകലാശാല തീരുമാനിച്ചത്. കൗൺസിലറായി വിജയിച്ച വിദ്യാർഥിനിയുടെ പേരു മാറ്റി എസ്എഫ്ഐ ഏരിയാ കമ്മിറ്റി സെക്രട്ടറിയുടെ പേരെഴുതി സർവകലാശാലയ്ക്കു കൈമാറുകയായിരുന്നു.





തിരുത്തലുകൾ വരുത്തി വെള്ളിയാഴ്ച കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനാണ് സർവകലാശാലയുടെ ശ്രമം. ഈ മാസം തന്നെ സെനറ്റ് തിരഞ്ഞെടുപ്പ് നടത്തിയേക്കുമെന്നാണു സൂചന.

Reactions