Hot Posts

6/recent/ticker-posts

പി.കെ.വി പുരസ്‌കാരം പന്ന്യൻ രവീന്ദ്രന്


കിടങ്ങൂർ: പി.കെ.വി സെന്റർ ഫോർ ഹ്യുമൻ ഡെവലപ്മെന്റ് & കൾച്ചറൽ അഫീയേഴ്സ് കിടങ്ങൂർ ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ പി.കെ.വി പുരസ്കാരത്തിന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ എക്സ് എംപിയെ തെരെഞ്ഞെടുത്തു. 


ദേശീയ ന്യുനപക്ഷ കമ്മീഷൻ അംഗവും മഹാത്മാ ഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസിലറും ആയിരുന്ന ഡോ.സിറിയക് തോമസ് ചെയർമാനും മുതിർന്ന പത്രപ്രവർത്തകൻ ജോസ് പനച്ചിപ്പുറം, മുൻ പി എസ് സി അംഗവും എഴുത്തുകാരനുമായ ഡോ.ജിനു സക്കറിയ ഉമ്മൻ എന്നിവർ അംഗങ്ങളായ അവാർഡ് നിർണ്ണയ കമ്മറ്റിയാണ് പൊതു ജനങ്ങളിൽ നിന്നും ലഭിച്ച നാമ നിർദേശങ്ങളിൽ നിന്നും പുരസ്കാര ജേതാവിനെ തെരെഞ്ഞെടുത്തത്.


രാഷ്ട്രീയ പൊതു ജീവിതത്തിൽ കറ പുരളാതെ തന്റെ പൊതു ജീവിതം വിശുദ്ധിയോടെ കാത്ത് സൂക്ഷിച്ച വ്യക്തി എന്ന നിലയിലാണ് പന്ന്യൻ രവീന്ദ്രനെ പി.കെ.വി പുരസ്കാരത്തിന് അർഹനാക്കിയത്. 10000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 


ജൂലൈ 12 ന് പി.കെ.വി യുടെ ജന്മ നാടായ കിടങ്ങൂരിൽ വച്ച് അവാർഡ് സമർപ്പിക്കും. 4.30 ന് കിടങ്ങൂർ ഗവ.എൽ പി സ്കൂളിൽ നടക്കുന്ന സമ്മേളനത്തിൽ മൃഗ സംരക്ഷണ- ക്ഷീര വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പുരസ്കാരം സമർപ്പിക്കും. സെന്റർ പ്രസിഡന്റ് ജി.വിശ്വനാഥൻ അധ്യക്ഷത വഹിക്കും. 


അവാർഡ് നിർണ്ണയ കമ്മറ്റി ചെയർമാൻ ഡോ.സിറിയക് തോമസ് പ്രശസ്തി പത്രം അവതരിപ്പിക്കും. ജോസ് കെ മാണി എംപി മുഖ്യ പ്രഭാഷണം നടത്തും മോൻസ് ജോസഫ് എംഎൽഎ അനുമോദന പ്രഭാഷണവും ജില്ല പഞ്ചായത്ത്‌ അംഗം ജോസ്മോൻ മുണ്ടക്കൽ കുട്ടികൾക്കുള്ള സ്‌കോളർ ഷിപ്പുകളും വിതരണം ചെയ്യും.

പഞ്ചായത്ത്‌ പ്രസിഡന്റ് ബേബി മാത്യു ചികിത്സാ സഹായം കൈമാറും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ ശശിധരൻ, ജില്ല സെക്രട്ടറി അഡ്വ.വി ബി ബിനു, സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം റ്റി.ആർ രഘുനാഥൻ, ബാബു കെ ജോർജ്, പി.കെ ഷാജകുമാർ, എന്നിവർ പി.കെ.വി അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. അഡ്വ.തോമസ് വി.റ്റി സ്വാഗതവും സിറിയക് കാക്കനാട്ട് കൃതജ്ഞതയും രേഖപ്പെടുത്തും.

Reactions