അധികാരകേന്ദ്രങ്ങളെ തിരുത്താന്‍ ശ്രമിക്കുന്നവരെ കുരുക്കില്‍പെടുത്താനോ ഒതുക്കാനോ ശ്രമിക്കുന്ന ശൈലിക്ക് ഉടമകളായി മാറിയിരിക്കുകയാണ് അധികാരകേന്ദ്രങ്ങളെന്ന് ഇന്‍ഡ്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ പ്രസിഡന്റ് പ്രസാദ് കുരുവിള. ഇതിന് ഏറ്റവും അവസാനത്തെ ഉദാഹരണമാണ് മറുനാടന്‍ ഷാജന്‍ സ്‌കറിയ. അഴിമതി വിരുദ്ധ സെല്ലിന്റെയും ആന്റി നാര്‍ക്കോട്ടിക് സെല്ലിന്റെയും കോട്ടയം ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു പ്രസാദ് കുരുവിള.
പാളിച്ചകളെ തിരുത്താനോ, വിമര്‍ശിക്കാനോ സാധിക്കാത്ത അപ്രഖ്യാപിത അടിയന്തിരാവസ്ഥ പോലെയാണിത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും ഫോട്ടോപതിപ്പാണ്. സമുദായ നേതൃത്വങ്ങളും മറ്റ് അധികാരകേന്ദ്രങ്ങളും ഇതില്‍ നിന്നും വ്യത്യസ്തരല്ല. ഇത്തരം വിഭാഗങ്ങളെ ജനവിധിയില്‍ നേരിടാന്‍ പൊതുസമൂഹം ആര്‍ജ്ജിത കരുത്ത് നേടിയെടുക്കണം.
തിരുത്തലുകളിലും, വിമര്‍ശനങ്ങളിലും അസഹിഷ്ണുതയുള്ളവരാണ് ഇക്കൂട്ടര്‍. അഴിമതിയും, ലഹരിയും വിവിധ ഭാവത്തിലും രൂപത്തിലും സംഹാരതാണ്ഡവമാടുകയാണിവിടെ. അതില്‍ നിന്നും പണ്ഡിതനോ, പാമരനോ ഒഴിവാക്കപ്പെടുന്നില്ല. നാട്ടില്‍ ധൈര്യമായി ജീവിക്കണമെങ്കില്‍ കണ്ണും, കാതും പൂട്ടിയിരിക്കേണ്ട അവസ്ഥയുണ്ട്.
ഈ രാജ്യത്ത് ജീവിതം ആസ്വദിക്കുന്നവര്‍ നമ്മുടെ നികുതിപണംകൊണ്ട് പ്രതിഫലം പറ്റുന്നവരായ ജനപ്രതിനിധികളോ, സര്‍ക്കാര്‍ ജീവനക്കാരോ, സമുദായനേതൃത്വങ്ങളോ മാത്രമാണ്. അധികാരവും പണവുമുള്ളവന്‍ ഇതൊന്നുമില്ലാത്തവനെ അടക്കിഭരിക്കുന്ന അടിച്ചമര്‍ത്തല്‍ സംസ്‌കാരമായി മാറിയിരിക്കുന്നു എന്നും പ്രസാദ് കുരുവിള പറഞ്ഞു.
പരിപാടിയിൽ ജോസ് ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു. ബാബു കെ.ജി, ബീവി ഫാത്തിമ, ബേബിച്ചന്‍ മുകൂട്ടുതറ, സെബി പറമുണ്ട, അബു മാത്യു കയ്യാലക്കകം, രാജു വലക്കമറ്റം, ജോയി മേനേച്ചേരി, ജോമോന്‍ ഓടയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.







