Hot Posts

6/recent/ticker-posts

ജൽ ജീവൻ മിഷൻ: നിർവ്വഹണ തടസ്സങ്ങൾ ഉടൻ പരിഹരിക്കാനാവും: ഷാജി പാമ്പൂരി



പാലാ: എല്ലാ ഗ്രാമീണ വീടുകളിലും ശുദ്ധമായ കുടിവെള്ള ലഭ്യത പൈപ്പു കണക്‌ഷനിലൂടെ ഉറപ്പുവരുത്തുന്ന ജൽ ജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങളിൽ നേരിടുന്ന തടസ്സങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന് കേരള വാട്ടർ അതോറിറ്റി ബോർഡ്‌ മെമ്പർ ഷാജി പാമ്പൂരി അഭിപ്രായപ്പെട്ടു. 

പദ്ധതിയുടെ ടാങ്കുകൾ, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകൾ എന്നിവയ്ക്കായി സ്ഥലം കണ്ടെത്തുന്ന കാര്യത്തിൽ ഗ്രാമ പഞ്ചായത്തുകൾ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്നും നിർവ്വഹണത്തിന്റെ പ്രതിമാസ അവലോകനങ്ങൾ അനിവാര്യമാണന്നും അദ്ദേഹം പറഞ്ഞു. ജൽ ജീവൻ മിഷൻ നിർവ്വഹണ സഹായ പ്രവർത്തനങ്ങളുടെ ഭാഗമായി പാമ്പാടി, കാഞ്ഞിരപ്പള്ളി ബ്ലോക്കുകളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും നിർവ്വഹണ സഹായ ഏജൻസി ടീം അംഗങ്ങൾക്കുമായി അങ്കമാലി അന്ത്യോദയ സംഘടിപ്പിച്ച ലെവൽ ത്രി കെ.ആർ.സി ചതുർദിന റസിഡൻഷ്യൽ ട്രെയിനിങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  

പാലാ അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ബിനു ജോൺ അദ്ധ്യക്ഷത വഹിച്ചു. ഐ.എസ്.എ പ്ലാറ്റ്ഫോം ജില്ലാ ചെയർമാൻ ഡാന്റീസ് കൂനാനിക്കൽ, വാട്ടർ അതോറിറ്റി റിട്ടയേഡ് ചീഫ് എഞ്ചിനീയർ രതീഷ്.എസ്, പഞ്ചായത്തു പ്രസിഡന്റുമാരായ മോനിച്ചൻ കിഴക്കേടത്ത് (മീനടം), സുബി സണ്ണി (എരുമേലി), രേഖാ ദാസ് (മുണ്ടക്കയം), സിന്ധു മുരളീധരൻ (കൂട്ടിക്കൽ), ശ്രീജ ഷൈൻ (കോരുത്തോട്), അന്ത്യോദയ എക്സിക്യൂട്ടീവ് ഡയറക്ടർ പീറ്റർ തെറ്റയിൽ, പ്രോജക്ട് ഡയറക്ടർ വി.കെ.ഗോവിന്ദകുമാർ, പ്രോഗ്രാം ഓഫീസർമാരായ റോജിൻ സ്കറിയ, അനൂപ് കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു. പന്ത്രണ്ടു ഗ്രാമ പഞ്ചായത്തുകളിൽ നിന്നുള്ള പ്രതിനിധികൾക്കാണ് പരിശീലന പരിപാടി നടക്കുന്നത്.


Reactions