പാലാ: 2024 ലോക് സഭ പൊതു തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും അപാകതകള്‍ പരിഹരിക്കുന്നതിനും വിവധ രാഷ്ട്രീയ കക്ഷികളുടെയും വില്ലേജ് ഓഫീസർമാരുടേയും യോഗം തഹസില്‍ദാര്‍ രഞ്ജിത്ത് ജോര്‍ജ് വിളിച്ച് ചേര്‍ത്തു.


പ്രസ്തുത യോഗത്തില്‍ പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലെ മുഴുവന്‍ സമ്മതിദാന അവകാശമുള്ള പൗരന്‍മാരുടെയും പേരുകള്‍ ഉള്‍പ്പെടുത്തുന്നതിനും മരണപ്പെട്ട് പോയവര്‍ ഇരട്ടിപ്പ് ആയി വന്നിട്ടുള്ളവര്‍ എന്നിവരെ ഒഴിവാക്കുന്നതിനും വോട്ടര്‍പട്ടിക ശുദ്ധീകരിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാന്‍ മുഴുവന്‍ രാഷ്ട്രീയ പ്രതിനിധികളുടെയും സഹായം ആവശ്യമാണ് എന്നും ആയതിലേക്ക് നിലവില്‍
പ്രസിദ്ധീകരിച്ചിട്ടുള്ള വോട്ടര്‍ പട്ടിക ബൂത്ത് തലത്തില്‍ ബൂത്ത് ലെവല്‍ ഏജന്റ് മാരെ നിയോഗിച്ച് പരിശോധിച്ച് അര്‍ഹതയുള്ളവര്‍ ഒഴിവാക്കപ്പെട്ടതായോ മരണമടഞ്ഞവര്‍ ഇരട്ടിപ്പ് ആയി വന്നവര്‍ ഉള്‍പ്പെട്ട് വരുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ ടി വിവരം ബന്ധപ്പെട്ട വില്ലേജ് ഓഫീസറേയോ ബൂത്ത് ലെവല്‍ ആഫീസറേയോ അറിയിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഇതിനായി 07.02.2024 തീയതി പ്രത്യേക യോഗം വിളിച്ച് ചേർക്കുവാനും വില്ലേജ് ആഫീസര്‍മാരോട് തഹസില്‍ദാര്‍ നിര്‍ദ്ദേശിച്ചു. ജെയ്സണ്‍ മാന്തോട്ടം (കേരള കോണ്‍ഗ്രസ് (എം), പി കെ ഷാജകുമാര്‍, കെ ബി അജേഷ്, സിറിയക്ക് തോമസ്, സന്തോഷ് കുമാര്‍ എന്‍ എസ് (സി പി ഐ), പി എം ജോസഫ് (സി.പി ഐ.(എം), രാജു ടി എം (എ.എ.പി), സിറിയക്ക് പി ഡി (ജെ ഡി എസ്) എന്നിവര്‍ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ചും പാലാ, കടുത്തുരുത്തി മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട് വരുന്ന വില്ലേജ് ഓഫീസര്‍മാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി എന്‍ കണ്ണന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി മഞ്ജിത്ത് എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായി.



