ഇലഞ്ഞി: വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ഡയറക്ടർ ഡോ. സന്തോഷ് സൈമൺ, നാടിന്റെ വായനാശീലവും സാംസ്കാരിക വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെല്ലൂരുപാറ പോപ്പുലർ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവനയായി നൽകി. ലൈബ്രറി സെക്രട്ടറി ബിജു പി.സിക്ക് പുസ്തകങ്ങൾ ഔപചാരികമായി കൈമാറി. സാമൂഹിക പ്രതിബദ്ധതയും സാംസ്കാരിക ഇടപെടലുകളും സമൂഹ പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള വിസാറ്റിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുസ്തകദാന പദ്ധതി സംഘടിപ്പിച്ചതെന്ന് ഡയറക്ടർ ഡോ. സന്തോഷ് സൈമൺ അറിയിച്ചു. വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും വായനാശീലം വളർത്തുന്നതിനും അറിവ് പങ്കുവെക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ലൈബ്രറി സെക്രട്ടറി ബിജു പി.സി. വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിനോടുള്ള നന്ദി രേഖപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രാദേശിക സമൂഹവും തമ്മിലുള്ള സഹകരണ ബന്ധം ശക്തിപ്പെടുത്തുന്ന പ്രവർത്തനമാണിതെന്നും അദ്ദേഹം പറഞ്ഞു. വിസാറ്റ് ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്വൈസർ ഡോ. എബ്രഹാം ചെട്ടിശ്ശേരി, എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ജസ്റ്റിൻ ജോസ്, വിസാറ്റ് ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോ. ലാലി ആന്റണി, പി.ആർ ഷാജി അഗസ്റ്റിൻ ആറ്റുപുറം, അഡ്മിഷൻ ഹെഡ് ജോർജുകുട്ടി ഉലഹന്നാൻ, അദ്ധ്യാപകരായ ഷീജ ഭാസ്‌കർ, ഷീന ഭാസ്‌കർ, ഫാ .എബിൻ അബ്രഹാം എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

