ബെയ്ജിങ്: ലോകത്തെ ഭീതിയിലാഴ്ത്തി പതിനായിരക്കണക്കിന് ജനങ്ങളെ മരണത്തിലേക്ക് തള്ളി വിട്ട കൊറോണാ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ അമേരിക്കൻ സംഘത്തിന് അനുവാദം നൽകില്ലെന്ന് ചൈന. ചൈനയിലെ വുഹാനിൽ നിന്നുമാണ് കൊറോണാ വൈറസിനെ വ്യാപനം ആരംഭിച്ചത്. എന്നാൽ ഞങ്ങളും വൈറസിനെ വ്യാപനത്തിൽ ഇരകളാണെന്ന് ഒരിക്കലും കുറ്റവാളികൾ അല്ലെന്നും ചൈന ആവർത്തിച്ചു.
വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ചൈന സ്വീകരിച്ച നടപടികളിൽ വീഴ്ച ഉണ്ടായെന്നും ഈ വിഷയത്തിൽ ആഗോളതലത്തിൽ അന്വേഷണം വേണമെന്നും ഓസ്ട്രേലിയ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഓസ്ട്രേലിയയുടെ ആവശ്യം ചൈന തള്ളുകയും ചൈനീസ് ഭരണകൂടം സ്വീകരിച്ച് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ഒരു ചോദ്യം വസ്തുതാപരമല്ലയെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഡിസംബർ അവസാനമാണ് വുഹാനിൽ നിന്നും കൊറോണാ വൈറസിനെ വ്യാപനം ആരംഭിച്ചത്. അതിനാൽ തന്നെ ആരോഗ്യകേന്ദ്രത്തിൽ പരിശോധന നടത്തണം എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയുടെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിഷയത്തിൽ ചൈന യാതൊരുവിധത്തിലുള്ള മറുപടി നൽകുന്നില്ലെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
അതേസമയം വുഹാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നാണോ വൈറസ് വ്യാപനം ആരംഭിച്ചത് എന്ന് അമേരിക്ക അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. വൈറസ് ബാധ ഉണ്ടായതിന് പിന്നാലെ അതിനെ പ്രതിരോധിക്കാൻ ശക്തമായ നടപടികളാണ് ചൈന സ്വീകരിച്ചത് രാജ്യാന്തര സമൂഹത്തിന് തന്നെ ചൈനയുടെ നടപടികൾ മാതൃകയാണ് ലോകത്തുണ്ടായ മരണങ്ങളുടെ പേരിൽ ചൈനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അമേരിക്കയുടെ വാദത്തോട് യോജിക്കാൻ കഴിയില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
എച്ച് വൺ എൻ വൺ ഇൻഫ്ലുവൻസ 2009 അമേരിക്കയിലാണ് കണ്ടെത്തിയത് അതേപോലെ എച്ച്ഐവി കണ്ടെത്തിയതും അമേരിക്കയിൽ ആണെന്നും ഇതിനെല്ലാം ഉത്തരവാദിത്വം അമേരിക്കൻ ഭരണകൂടത്തിന് ആണെന്ന് ആരെങ്കിലും പറഞ്ഞോയെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം ചോദിച്ചു. ലോകത്തെ പ്രതിസന്ധിയിലാക്കിയ കൊറോണ വൈറസ് മനുഷ്യ നിര്‍മ്മിതമാണെന്നും ഇത് വുഹാൻ ലബോറട്ടറിയില്‍ നിന്ന് പുറത്തായതാണെന്നാരോപിച്ച് നൊബേല്‍ ജേതാവും എയ്ഡ്‌സിന് കാരണമാകുന്ന എച്ച്.ഐ.വി കണ്ടെത്തിയ ശാസ്ത്രജ്ഞനുമായ ലുക് മൊണ്ടേനിയര്‍ രംഗത്ത് എത്തിയിരുന്നു.
ഫ്രഞ്ച് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എയ്ഡ്‌സിനെതിരെയുള്ള വാക്‌സിന്‍ നിര്‍മ്മാണ ശ്രമത്തിനിടെയാണ് ചൈനയുടെ ലബോറട്ടറിയില്‍ നിന്നും കൊറോണ വൈറസ് പുറത്തയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ വാദം ശരിയല്ലെന്നും ഇതിനെ യാതൊരുവിധത്തിലുള്ള തെളിവുകൾ ഇല്ലെന്നും നിരവധി ശാസ്ത്രജ്ഞന്മാരും ലോകാരോഗ്യസംഘടനയും വ്യക്തമാക്കിയിട്ടുണ്ടെന്നും ചൈന ചൂണ്ടിക്കാട്ടുന്നു.
ലോകരാജ്യങ്ങൾക്കിടയിൽ ചൈനയെ ഒറ്റപ്പെടുത്താൻ ആണ് അമേരിക്കയുടെ നീക്കമെന്നും ഇത്തരമൊരു സാഹചര്യത്തിൽ ലോകരാജ്യങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിക്കുകയാണ് വേണ്ടതെന്നും ചൈന വ്യക്തമാക്കി.

