ന്യൂഡൽഹി: രാഷ്ട്രപതി ഭവന്‍ കോംപ്ലെക്‌സിലെ ഒരു ശുചീകരണ തൊഴിലാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രതിരോധ നടപടിയുടെ ഭാഗമായി നൂറോളം പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. രാഷ്ട്രപതി ഭവനില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരോടും അവരുടെ കുടുംബാംഗങ്ങളോടും താമസിക്കുന്നിടത്തു തന്നെ ക്വാറന്റൈനില്‍ പോകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
എന്നാല്‍ ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളെ സെന്‍ട്രല്‍ ഡല്‍ഹിയിലുള്ള പ്രത്യേക ക്വാറന്റൈന്‍ സജ്ജീകരണത്തിലേക്ക് മാറ്റി. നിലവില്‍ ഒരു ശുചീകരണ തൊഴിലാളിക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്നും മറ്റുള്ളവരില്‍ നടത്തിയ പരിശോധനകള്‍ നിലവില്‍ നെഗറ്റീവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍ ഇതുവരെയുള്ള കൊവിഡ് രോഗികളുടെ എണ്ണം 18,985 ആയി. എന്നാൽ വ്യാപന തോത്കുറഞ്ഞതായി ആരോഗ്യമന്ത്രാലയം പറയുന്നു. പത്ത് സംസ്ഥാനങ്ങളിലെ മൂന്നില്‍ രണ്ട് കൊവിഡ് കേസുകളില്‍ രോഗലക്ഷണമില്ലെന്നത് വെല്ലുവിളിയാണെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലം കണ്ടു തുടങ്ങുന്നു. ആദ്യ നാളുകളില്‍ മൂന്ന് ദിവസത്തിനുള്ളില്‍ കേസുകള്‍ ഇരട്ടിച്ചെങ്കില്‍ ഇപ്പോള്‍ രാജ്യ ശരാശരി ഏഴര ദിവസമായിരിക്കുന്നു. കേരളത്തില്‍ ഇത് 72 ദിവസമാണ്, ഒഡീഷയില്‍ 38 ദിവസവും.
രണ്ട് സംസ്ഥാനങ്ങളിലും രോഗബാധ നന്നേ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്. മാഹി, കുടക്, ഉത്തരാഖണ്ഡിലെ പൗരി ഗര്‍ഹ്വാള്‍ എന്നിവിടങ്ങളില്‍ 28 ദിവസമായി പുതിയ കേസില്ല. കഴിഞ്ഞ പതിനാല് ദിവസമായി ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളുടെ എണ്ണം 54 ല്‍ നിന്ന് 59 ആയി. ശക്തമായ നടപടികളാണ് ആരോഗ്യമന്ത്രാലയം കോവിഡ് പ്രതിരോധത്തിനായി സ്വീകരിച്ചിരിക്കുന്നത്.

