ദുബായ് : വയനാട് സ്വദേശി പ്രമുഖ പ്രവാസി ബിസിനസുകാരൻ ജോയ് അറക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പൊലീസ് സ്ഥിരീകരിച്ചു. ഈ മാസം 23 നായിരുന്നു അദ്ദേഹം ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14–ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടതാണ് ആത്മഹത്യക്ക് കാരണമെന്നും ദുബായ് പൊലീസ് പറഞ്ഞു. മരണത്തിൽ ദുരൂഹതകളൊന്നുമില്ല. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായി വരുന്നുവെന്നും വ്യക്തമാക്കി.
ഇരുപത് വർഷത്തോളമായി യുഎഇ ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന ജോയ് അറക്കൽ എണ്ണവ്യാപാര മേഖലയിലായിരുന്നു സാമ്രാജ്യം കെട്ടിപ്പടുത്തത്. ജുമൈറയിൽ ഭാര്യ സെലിൻ മക്കളായ അരുൺ, ആഷ് ലി എന്നിവരോടൊപ്പമായിരുന്നു താമസം. ചാർട്ടേർഡ് എയർ ആംബുലൻസിൽ കൊണ്ടുപോകുന്ന മൃതദേഹത്തെ കുടുംബവും അനുഗമിക്കുമെന്ന് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ പറഞ്ഞു.
ഇന്ത്യൻ അധികൃതരിൽ നിന്ന് എൻഒസി ലഭിച്ചുകഴിഞ്ഞു. യു എ ഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിച്ചയുടൻ മൃതദേഹം ബംഗ്ലുരുവിലേയ്ക്ക് കൊണ്ടുപോകും. അവിടെ നിന്നാണ് സ്വന്തം നഗരമായ വയനാട് മാനന്തവാടിയിലെത്തിക്കുക. നടപടികൾക്ക് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി നേതൃത്വം നൽകുന്നുണ്ട്.