കോഴിക്കോട് : നഗരത്തിന്റെ വിവിധയിടങ്ങളില്‍ ബ്ലാക്ക്മാനായി വിലസി ഭീതി പടര്‍ത്തിയത് നാട്ടുകാർക്കും പോലീസിനും തലവേദനയായിരുന്നു ഇത് ചെയ്തത് തലശേരി സ്വദേശി അജ്മലാണെന്നു തെളിഞ്ഞിരിക്കുകയാണ്. കസബ പൊലീസ് പിടികൂടിയതിനു പിന്നാലെയാണ് നഗരത്തിലെ വിവിധയിടങ്ങളില്‍ രാത്രിയിലെത്തി വീടിന്റെ ജനല്‍ച്ചില്ല് തകര്‍ക്കുകയും ബഹളം വച്ചു കടന്നുകളയുകയും ചെയ്തതു താൻ തന്നെയാണെന്ന് അജ്മല്‍ പോലീസിനോട് സമ്മതിച്ചത്.
നാട്ടുകാര്‍ പിന്നാലെ പാഞ്ഞ സമയങ്ങളിലെല്ലാം കല്ലെടുത്തെറിഞ്ഞാണ് അജ്മൽ കടന്നുകളഞ്ഞത്. സ്ത്രീകള്‍ക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നതാണ് ഇഷ്ടവിനോദം. വിവിധ സ്ഥലങ്ങളിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ അജ്മലിന്റെ കുറ്റസമ്മതത്തിനു കൃത്യമായ തെളിവാണെന്നു പൊലീസ് വ്യക്തമാക്കി. നാടു വിറപ്പിച്ച പ്രതിയെ പിടിച്ചത് അതി സാഹസികമായാണ്. കൊയിലാണ്ടി സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ഒരു പീഡന കേസിൽ ജയിൽശിക്ഷ അനുഭവിക്കുകയായിരുന്ന അജ്മൽ കോവിഡ് ഇളവിൽ മോചിതനായതാണ്.
രാത്രികാലങ്ങളിൽ വീടുകളിലും വനിതാ ഹോസ്റ്റലുകളിലും ആശുപത്രികളിലുമെത്തി സ്ത്രീകൾക്ക് നേരെ അതിക്രമം കാണിക്കുകയും ലൈംഗിക വൈകൃതങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്ന പ്രതിക്കു വേണ്ടി ഒരാഴ്ചയായി പൊലീസ് തിരച്ചിലിലായിരുന്നു. ഒടുവിൽ ശനിയാഴ്ച പുലർച്ചെയാണ് ഇയാളെ കസബ പൊലീസ് സാഹസികമായി പിടികൂടിയത്. വിവസ്ത്രനായാണ് പ്രതി നഗരത്തിൽ പ്രത്യക്ഷപ്പെടാറുള്ളത്. സിസിടിവി ദൃശ്യങ്ങളിൽ അത് വ്യക്തമാണ്.
നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സിനു നേരെ നടത്തിയ ലൈംഗിക അതിക്രമത്തിന് ടൗൺ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. രാത്രി കല്ലായി റോഡിലെ ഒരു വീട്ടിൽ പ്രതിയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പുലർച്ചെ നഗരത്തിലെ ഒരു ഷോപ്പിങ് കോംപ്ലക്സ് പരിസരത്തു വച്ചാണ് പ്രതി പിടിയിലായത്.
