ബീജിംഗ്: രോഗം ഭേദമായാലും രോഗകാരികളായ കൊറോണ വൈറസ് ശ്വാസകോശത്തിൽ ഒളിച്ചിരിക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ചൈനയിലെ ആരോഗ്യവിദഗ്ധർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രോഗം ഭേദമായവരിൽ രണ്ടാമതും വൈറസ് ബാധ ഏൽക്കാനുള്ളതിനേക്കാൾ സാധ്യത ശ്വാസകോശത്തിൽ ഒളിഞ്ഞിരിക്കുന്ന വൈറസുകൾ പ്രവർത്തിക്കാനാണെന്ന് കൊറിയ സെന്റര്‍ ഫോര്‍ ഡിസീസ് സെന്റര്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ജോങ് യുന്‍ കിയോങ് വ്യക്തമാക്കി. ശ്വാസകോശത്തിൽ കടന്നുകൂടിയ വൈറസുകളെ സാധാരണ പരിശോധനയിൽ കണ്ടെത്താനാകില്ല എന്നും പഠനം പറയുന്നു.
ദക്ഷിണ പടിഞ്ഞാറൻ ചൈനയിൽ മരണത്തിന് കീഴടങ്ങിയ വയോധികയുടെ പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് ശ്വാസകോശത്തിൽ ഒളിഞ്ഞിരിക്കുന്ന വൈറസുകളെ കണ്ടെത്തിയത്. ജനുവരി 27നു വൈറസ് ബാധ മൂലം ആശുപത്രിയിൽ പ്രവേശിച്ച വയോധിക ഫെബ്രുവരി 13നു രോഗം ഭേദമായി ആശുപത്രി വിട്ടു. മരണകാരണം ഹൃദയസ്തംഭനം ആണ്. എന്നിരുന്നാലും ശ്വാസകോശത്തിൽ കണ്ടെത്തിയ വൈറസിന്റെ സാന്നിധ്യം കോവിഡ് 19 ന്റെ കൂടുതൽ ആപത്തുകളെയാണ് ചൂണ്ടിക്കാണിക്കുന്നത്.
ശ്വാസകോശത്തിൽ ഒളിച്ചിരിക്കുന്ന വൈറസുകൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കില്ല. സൗത്ത് ചൈനീസ് മോണിംഗ് പോസ്റ്റാണ് പഠനം പ്രസിദ്ധീകരിച്ചത്.
