തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വയനാട് ഗ്രീന്‍ സോണില്‍ നിന്ന് പുറത്ത്. പോസിറ്റീവായ രണ്ടില്‍ ഒരാള്‍ വയനാട്ടിലാണ്. ഒരു മാസമായി ഒരു പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ജില്ലയാണു വയനാട്. ഫലം വരുന്നതു വരെ വയനാട് ഗ്രീന്‍ സോണിലായിരുന്നു. ഇതോടെ വയനാടിനെ ഓറഞ്ച് സോണില്‍ ഉള്‍പ്പെടുത്തി.
കണ്ണൂരാണ് മറ്റൊരു പോസിറ്റീവ് കേസുള്ളത്. ഇന്ന് 8 പേര്‍ രോഗമുക്തരായി. കണ്ണൂരില്‍ ആറും ഇടുക്കിയില്‍ രണ്ടും കേസുകളാണ് നെഗറ്റീവ് ആയത്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 499 ആയി. 96 പേര്‍ ചികില്‍സയിലുണ്ട്. 21,894 പേര്‍ നിരീക്ഷണത്തിലുണ്ട്. അതില്‍ 21,494 പേര്‍ വീടുകളിലും 410 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 80 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതുവരെ 31,183 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 30,358 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി. ഇതുകൂടാതെ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ 2093 സാംപിളുകള്‍ അയച്ചപ്പോള്‍ 1234 നെഗറ്റീവ് ഫലമാണ് ലഭിച്ചത്. സംസ്ഥാനത്ത് ആകെ 80 ഹോട്‌സ്‌പോട്ടുകളാണുള്ളത്. പുതുതായി ഹോട്‌സ്‌പോട്ടുകള്‍ ഇല്ല. 23 ഹോട്‌സ്‌പോട്ടുകള്‍ കണ്ണൂര്‍ ജില്ലയിലാണ്. ഇടുക്കിയില്‍ 11. കോട്ടയത്തും 11.
ഏറ്റവും കൂടുതല്‍പേര്‍ ചികില്‍സയിലുള്ളത് കണ്ണൂരിലാണ്. 38 പേര്‍. ഇവരില്‍ 2 പേര്‍ കാസര്‍കോട്ടുകാരാണ്. ഒരു കണ്ണൂര്‍ സ്വദേശി കോഴിക്കോട് ചികില്‍സയില്‍ കഴിയുന്നുണ്ട്. കോട്ടയത്ത് 11 പേര്‍ ചികില്‍സയിലുണ്ട്. അതിലൊരാള്‍ ഇടുക്കിക്കാരനാണ്. കൊല്ലത്തും ഇടുക്കിയിലും 12 പേര്‍ വീതം ചികിത്സയിലുണ്ട്.
രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടിയിരിക്കുന്നു, കൂടുതല്‍ ഇളവുകളും പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച പൊതുവായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ ചട്ടക്കൂടിന് അകത്തുനിന്നുകൊണ്ടാണ് നമ്മുടെ സംസ്ഥാനത്തെ സവിശേഷതകള്‍ കൂടി ഉള്‍ക്കൊണ്ട് നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്. ഇതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
