ദുബായ്: ദുബായിൽ മരണപ്പെട്ട പ്രവാസി വ്യവസായി ജോയി അറയ്ക്കൽ എംഡിയായ കമ്പനിയിലെ പ്രോജക്ട് ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു മകൻ ബർദുബായ് പൊലീസിൽ പരാതി നൽകി. ജോയി അറയ്ക്കലിനു മുഖ്യഓഹരി പങ്കാളിത്തമുള്ള ഇന്നോവ ഗ്രൂപ്പിന്റെ പുതിയ പദ്ധതിയുടെ പേരിലാണു ഭിന്നത ഉടലെടുത്തിരിക്കുന്നത്. ജോയിയാണു പദ്ധതി വൈകാൻ കാരണമെന്നു പ്രോജക്ട് ഡയറക്ടർ ആരോപിച്ചതും ഇതെച്ചൊല്ലിയുള്ള തർക്കവുമാണു പിതാവ് ജീവനൊടുക്കാൻ കാരണമെന്നാണു പരാതിയിൽ പറയുന്നത്.
പെട്രോളിയം സംസ്കരിച്ച് വിവിധ ഉൽപന്നങ്ങൾക്കൊപ്പം ശുദ്ധജലവും ഉത്പാദിപ്പിക്കുന്ന പദ്ധതിയാണ് ഹമ്രിയ ഫ്രീ സോണിൽ ജോയി വിഭാവനം ചെയ്തിരുന്നത്. ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന യു എ ഇ യിലെ ആദ്യ പദ്ധതി ഇതാണെന്നും അറിയുന്നു. ഇതിനുള്ള സാങ്കേതിക ഉപദേശങ്ങൾ നൽകാനാണ് കമ്പനിക്കു പുറത്തു നിന്നുള്ള കൺസൽറ്റന്റ് ആയി ഒരു പ്രോജക്ട് ഡയറക്ടറെ നിയമിച്ചത്.
454 കോടിയിലധികം രൂപ ചെലവു പ്രതീക്ഷിച്ച പദ്ധതി തുടങ്ങിയത് 6 വർഷം മുൻപാണ്. 2000 കോടി രൂപയോളം വിറ്റുവരവുള്ള ഇന്നോവ ഗ്രൂപ്പിനെ സംബന്ധിച്ച് ഇതിനു വൻ പ്രധാന്യം ഉണ്ടായിരുന്നു. വമ്പൻ കമ്പനികളിൽ നിന്ന് വ്യത്യസ്തമായി മൂന്നിലൊന്ന് സ്ഥലവും ചുരുങ്ങിയ ചെലവും മതി ഇന്നോവയുടെ പദ്ധതിക്ക് എന്നതായിരുന്നു മറ്റൊരു പ്രത്യേകത. ജോയിക്ക് 2018 ൽ ഏറ്റവും നല്ല സംരംഭകനുള്ള യുഎഇ അവാർഡു ലഭിച്ചതും ഈ പദ്ധതിക്കാണ്. ഏറെ പ്രത്യേകതകളുള്ള പദ്ധതിയിൽ പിതാവിനു വളരെ പ്രതീക്ഷയുണ്ടായിരുന്നെന്നും പൂർത്തീകരണം നീളുന്നതു മാനസികമായി തളർത്തിയെന്നും മകന്റെ പരാതിയിൽ പറയുന്നു. ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നും പദ്ധതിക്കായുള്ള യന്ത്ര സാമഗ്രികളെല്ലാം എത്തിയിരുന്നെങ്കിലും ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മാർച്ചിൽ നടക്കാത്തതു ജോയിയെ മാനസികമായി തളർത്തിയിരുന്നു.
ഏപ്രിൽ 23 ന് ദുബായിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരണപ്പെട്ട പ്രവാസി വ്യവസായി അറയ്ക്കൽ ജോയിയുടെ മൃതദേഹം സംസ്കരിച്ചു. വ്യാഴാഴ്ച രാത്രി പ്രത്യേക വിമാനത്തിൽ കരിപ്പൂരിൽ എത്തിച്ച മൃതദേഹം വെള്ളിയാഴ്ച പുലർച്ചെയോടെയാണ് മാനന്തവാടിയിലുള്ള അറയ്ക്കൽ പാലസിൽ കൊണ്ടുവന്നത്. വെള്ളിയാഴ്ച രാവിലെ എട്ടിന് മാനന്തവാടി കണിയാരം സെന്റ് ജോസഫ് കത്തീഡ്രൽ സെമിത്തേരിയിലായിരുന്നു സംസ്കാരം. ജോയിയുടെ പിതാവ് ഉലഹന്നാൻ അടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.
