ചെന്നൈ: ബെംഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് വന്ന 24 അംഗ സംഘം സഞ്ചരിച്ച വാഹനം തമിഴ്നാട്ടിലെ കരൂരിന് സമീപം അപകടത്തിൽപ്പെട്ട് നിരവധിപേർക്ക് പരിക്ക്. ഇതിൽ മൂന്നു പേർക്ക് പരിക്ക് ഗുരുതരമാണ്. കുമളി ചെക്പോസ്റ്റ് വഴി കേരളത്തിലേക്ക് പ്രവേശിക്കാൻ എത്തിയ സംഘമാണ് അപകടത്തിൽപെട്ടത്.
തൃശൂർ സ്വദേശിയായ ഡ്രൈവർക്കും അപകടത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്. മലയാളികളുമായി കേരളത്തിലേക്ക് സഞ്ചരിച്ച ജയ് ഗുരു ബസാണ് തമിഴ്‌നാട്ടിലെ കരൂരിൽ വച്ച് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. കോട്ടയം സ്വദേശികളായ നേഴ്സിംഗ് വിദ്യാർത്ഥികളടക്കം 26 പേരാണ് ബസിൽ ഉണ്ടായിരുന്നത്. മലയാളി വിദ്യാര്‍ഥികളെ മറ്റൊരു ബസില്‍ നാട്ടിലെത്തിക്കും. കോട്ടയം ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവും ജില്ലാ പോലീസ് മേധാവി ജി. ജയദേവും തമിഴ്നാട്ടിലെ കരൂര്‍ ജില്ലാ അധികൃതരുമായും വിദ്യാര്‍ഥികളുമായും ബന്ധപ്പെട്ടിരുന്നു.
