തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. 61 പേര്‍ ഇന്നു രോഗമുക്തി നേടി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 34 പേര്‍ മാത്രമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണു സംസ്ഥാനത്തു കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത്.
499 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24,824 പേർ നിരീക്ഷണത്തിൽ ആണ്. 372 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നു. ഇതുവരെ 33,010 സാംപിളികൾ പരിശോധനയ്ക്കയച്ചു. സംസ്ഥാനത്ത് നിലവിൽ 84 ഹോട്സ്പോട്ടുകൾ. പുതിയ കൂട്ടിചേർക്കലുകൾ ഇല്ല. ഇന്ന് 1249 ടെസ്റ്റുകൾ നടന്നു.
കേരളത്തിൽ രോഗവ്യാപനം പിടിച്ചുനിർത്താനാകുന്നു എന്നത് ആശ്വാസമാണ്. എന്നാൽ കേരളീയർ ലോകത്തിന്റെ പലഭാഗത്തും കോവിഡ് മഹാവ്യാധിയുടെ പിടിയിലാണ് . 80 ൽ അധികം മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ച് മറ്റ് രാജ്യങ്ങളിൽ മരണമടഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
