Hot Posts

6/recent/ticker-posts

കോട്ടയത്തിന് ആശ്വാസം! ജില്ലയിൽ ഇന്ന് ലഭിച്ച ആകെ 78 പരിശോധനാ ഫലങ്ങളും നെഗറ്റീവ്


കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് ലഭിച്ച കോവിഡ് പരിശോധനാ ഫലങ്ങള്‍ 78 എണ്ണമാണ്. എല്ലാം നെഗറ്റീവ്. വിദേശ രാജ്യങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും മടങ്ങിയെത്തുന്നവരെ സ്വീകരിക്കുന്നതിനും കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ ഉറപ്പാക്കി താമസിപ്പിക്കുന്നതിനും കോട്ടയം ജില്ലയില്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇവര്‍ക്ക് പൊതു സമ്പര്‍ക്കം ഒഴിവാക്കി കഴിയുന്നതിന് 234 കോവിഡ് ഐസലേഷന്‍ കേന്ദ്രങ്ങളും ഒരുക്കിയിരിക്കുന്നു. ഇതുവരെ വിദേശരാജ്യങ്ങളില്‍നിന്നുള്ള 13,950 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 6,200 പേരുമാണ് നാട്ടിലേക്കു മടങ്ങുന്നതിന് നോര്‍ക്ക മുഖേന റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഹോം സ്റ്റേകള്‍, മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട താമസ കേന്ദ്രങ്ങള്‍, കോളജ് ഹോസ്റ്റലുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ തുടങ്ങിയവയാണ് ഐസലേഷന്‍ കേന്ദ്രങ്ങളായി കണ്ടെത്തിയിട്ടുള്ളത്.

റവന്യൂ, പൊതുമരാമത്ത് (കെട്ടിട വിഭാഗം) വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി ഈ കെട്ടിടങ്ങളുടെ ഉപയോഗക്ഷമത ഉറപ്പു വരുത്തി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ ആവശ്യമായ അറ്റകുറ്റപ്പണികളും പൂര്‍ത്തീകരിച്ചു. പൊതുസമ്പര്‍ക്കമില്ലാതെ കഴിയേണ്ടതുകൊണ്ട് അറ്റാച്ച്ഡ് ബാത്ത് റൂമുള്ള മുറികളാണ് ഓരോരുത്തര്‍ക്കും നല്‍കുക. ഓരോ മേഖലയിലും ഐസലേഷന്‍ കേന്ദ്രങ്ങളുടെ മേല്‍നോട്ടത്തിന് ചാര്‍ജ് ഓഫിസര്‍മാരെയും താലൂക്ക് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഡപ്യൂട്ടി തഹസില്‍ദാര്‍മാരെയും ചുമതലപ്പെടുത്തി.

വിദേശത്തുനിന്ന് എത്തുന്നവരില്‍ രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രി നിരീക്ഷണത്തിലേക്ക് മാറ്റും. കോവിഡ് ആശുപത്രികളായ മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലുമായിരിക്കും ആദ്യ ഘട്ടത്തില്‍ ഇങ്ങനെയുള്ളവരെ പ്രവേശിപ്പിക്കുക. ഈ രണ്ടു കേന്ദ്രങ്ങളിലെയും സൗകര്യങ്ങള്‍ മതിയാകാതെ വന്നാല്‍ ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികളും വൈക്കം, പാമ്പാടി താലൂക്ക് ആശുപത്രികളും ഉഴവൂരിലെ കെ.ആര്‍.നാരായണന്‍ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയും സജ്ജമാക്കിയിട്ടുണ്ട്.

Reactions