തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽനിന്നു വരുന്നവർക്ക് കേരളത്തിലേക്കു പ്രവേശിക്കാനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുതുക്കി നിശ്ചയിച്ചു. കേരളത്തിലേക്ക് പോകാൻ പാസ് വേണമെന്ന് ബന്ധപ്പെട്ട സംസ്ഥാനങ്ങൾ നിർദേശിക്കുകയാണെങ്കിൽ യാത്ര സുഗമമാക്കാൻ ആ പാസ് വാങ്ങണം. കേരളത്തിലേക്കു കടക്കാൻ മറ്റു സംസ്ഥാനങ്ങളിലെ പാസ് നിർബന്ധമായും വേണമെന്ന നേരത്തെയുള്ള നിർദേശം പുതിയ ഉത്തരവിലില്ല. എന്നാൽ, കേരളത്തിലേക്കു കടക്കാന്‍ കോവിഡ് ജാഗ്രതാ സൈറ്റിൽനിന്നു ലഭിക്കുന്ന കേരളത്തിന്റെ പാസ് നിർബന്ധമാണ്.
കേരളത്തിന് പുറത്ത്നിന്നും യാത്രക്കാർ കേരളത്തിലെ ഏതു ജില്ലയിലേക്കാണോ വരുന്നത് ആ ജില്ലയിലെ കലക്ടറുടെ അനുമതി വേണം. കേരളത്തിലേക്കു വരുന്ന ആളുകളുടെ എണ്ണം കോവിഡ് ജാഗ്രതാ സൈറ്റിൽ റജിസ്റ്റർ ചെയ്യണം. നോർക്കയിൽ റജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച ഐഡി ഇതിനായി ഉപയോഗിക്കാം. നോർക്ക റജിസ്ട്രേഷൻ ഐഡി ഇല്ലെങ്കിലും കോവിഡ് ജാഗ്രതാ സൈറ്റുവഴി റജിസ്റ്റർ ചെയ്യാം.
ഗ്രൂപ്പായി കേരളത്തിലേക്കു വരുന്നവരില്‍ ചിലർക്കു പാസില്ലാത്ത സാഹചര്യവും വ്യത്യസ്ത തീയതികളിൽ പാസ് ലഭിക്കുന്ന പ്രശ്നവും ഒഴിവാക്കാന്‍ റജിസ്ട്രേഷൻ രീതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. പാസിനായി അപേക്ഷിക്കുന്ന ഗ്രൂപ്പിലെ വ്യക്തിക്കു മറ്റുള്ള അംഗങ്ങളുടെ റജിസ്ട്രേഷൻ നമ്പർ താഴെയുള്ള കോളങ്ങളിൽ രേഖപ്പെടുത്തി റജിസ്ട്രേഷൻ പൂർത്തിയാക്കാം. വിവിധ ജില്ലകളിലുള്ളവരാണ് ഒരു ഗ്രൂപ്പായി വരാൻ ഉദ്ദേശിക്കുന്നതെങ്കിൽ അപേക്ഷ സമർപ്പിച്ച ഗ്രൂപ്പ് ലീഡറിന്റെ ജില്ലാ കലക്ടർക്കു മറ്റു പാസുകളും അനുവദിക്കാം. പാസുകൾ അനുവദിച്ച കാര്യം ബന്ധപ്പെട്ട ജില്ലാ ഭരണകൂടത്തെ അറിയിക്കണം.
റജിസ്റ്റർ ചെയ്യുന്ന വിവരങ്ങൾ അധികൃതർ പരിശോധിക്കും. അതിനുശേഷം റജിസ്ട്രേഷന് ഉപയോഗിച്ച മൊബൈൽ നമ്പരിലേക്കും ഇ മെയിലിലേക്കും ക്യുആർ കോഡ് അയയ്ക്കും. റജിസ്റ്റർ ചെയ്തവർക്കു കേരളത്തിലേക്കു വരാൻ സ്വന്തം വാഹനവും വാടകയ്ക്കെടുത്ത വാഹനവും ഉപയോഗിക്കാം. ഒരുമിച്ചു വരുന്നവർക്കു റജിസ്ട്രേഷൻ സമയത്തു രണ്ടു തീയതികളാണ് കിട്ടിയതെങ്കിൽ കൂടെയുള്ള ആളിന്റെ തീയതിയിൽ വന്നാലും പ്രശ്നമില്ല. പക്ഷേ, വരുന്ന വണ്ടിയുടെ നമ്പർ ഒന്നായിരിക്കണം.
