മാനന്തവാടി: പുഴയിൽ കുളിക്കുകയായിരുന്ന മകളെയും കൂട്ടുകാരിയെയും അപമാനിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത പിതാവിന്റെ പല്ലടിച്ചു കൊഴിച്ചു. സംഭവത്തിൽ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട് എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
മാനന്തവാടി മുതിരേരിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണു സംഭവം നടന്നത്. പുഴയിൽ കുളിക്കാനിറങ്ങിയ മകളെയും കൂട്ടുകാരിയെയും അഞ്ചുപേർ അടങ്ങുന്ന സംഘം ശല്യം ചെയ്യുകയും ഫോട്ടോയെടുക്കാൻ ശ്രമിച്ചെന്നും പരാതിക്കാരൻ പറയുന്നു. ഇതിൽ രണ്ടു പേർ അറിയുന്നവരാണ്. ഇതു ചോദ്യം ചെയ്തതിനാണ് പിതാവിനെ ക്രൂരമായി മർദിച്ചതും പല്ല് അടിച്ചു കൊഴിച്ചതും.
മർദിച്ച അഞ്ചു പേരിൽ രാഷ്ട്രീയ പ്രവർത്തകരും ഉണ്ടെന്നും ശനിയാഴ്ച പരാതി നൽകിയെങ്കിലും ഇതുവരെ അറസ്റ്റുണ്ടായില്ലെന്നും പരാതിക്കാരൻ പറയുന്നു. മൊഴി മാറ്റാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. പരിക്കേറ്റ പെൺകുട്ടിയുടെ പിതാവ് മുതിരേരിയിലെ വീട്ടിൽ ചികിത്സയിലാണ്. സംഭവത്തിൽ ശനിയാഴ്ച തന്നെ കേസെടുത്തെന്നും പ്രതികളായ നാലുപേരും ഇപ്പോൾ ഒളിവിലാണെന്നുമാണ് പൊലീസ് പറയുന്നത്.
