Hot Posts

6/recent/ticker-posts

അതിര്‍ത്തിയില്‍ തടയരുത്;മലയാളിക്കളെ കടത്തിവിടണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി


കൊച്ചി:വാളയാറിൽ കുടുങ്ങിയ മലയാളികൾക്ക്‌  ലോക്‌ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് കേരളത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകണമെന്ന് സംസ്ഥാന സർക്കാരിനോട്  ഹൈക്കോടതി. വാളയാറിൽ എത്തിയവരെ കടത്തിവിടണം പക്ഷെ ഇതൊരു കീഴ്‌വഴക്കമാക്കരുത്. പൊതുജനതാൽപര്യം കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും  അതിർത്തിയിൽ എത്തുന്നവർക്ക് അടിസ്ഥാന സൗകര്യമൊരുക്കണമെന്നും  ഹൈക്കോടതി പറഞ്ഞു .

കേരളത്തിലേക്ക് വരാൻ  റജിസ്ട്രേഷൻ നിർബന്ധമാണെന്ന് കേരള സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഓരോ ദിവസവും നൽകുന്ന പാസുകളുടെ എണ്ണം നിശ്ചയിച്ചിട്ടുണ്ട്.  പാസിന് അപേക്ഷ നൽകിയവർ 1.04 ലക്ഷം പേരാണ്. ഇതിൽ 53,000 പേർക്ക് പാസ് നൽകി. അടിയന്തര ആവശ്യങ്ങൾക്കും സ്ഥിരം യാത്രക്കാർക്കും സ്പോട്ട് റജിസ്ട്രേഷനുണ്ട്. പാസില്ലാത്തവരെ കടത്തിവിട്ടാൽ മുൻകരുതൽ സംവിധാനങ്ങൾ താറുമാറാകും . അതിർത്തിയിൽ ശക്തമായ  പ്രശ്നങ്ങളില്ല, മുൻകരുതൽ എടുത്തിട്ടുണ്ടെന്നും സർക്കാർ കൂട്ടിച്ചേർത്തു.

മുൻപ് ,  വാളയാർ അതിർത്തിയിലെത്തി കേരളത്തിന്റെ പാസില്ലാതെ കുടുങ്ങിയ 172 മലയാളികളെ  ഞായറാഴ്ച രാത്രിയോടെ കോയമ്പത്തൂരിലെ താൽക്കാലിക കേന്ദ്രത്തിലേക്ക് എത്തിച്ചിരുന്നു. ഇതിൽ സ്ത്രീകളും കുട്ടികളും ഉൾപെടും.  വാളയാർ ചെക്പോസ്റ്റിനോട് ചേർന്നുള്ള മൂന്നു കിലോമീറ്റർ ദൂരം നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു. ഇത് ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ്. പലയിടങ്ങളിൽ നിന്നായി വാളയാറിൽ വന്നവർ റോഡരികിലും മരങ്ങള്‍ക്കിടയിലുമാണ്‌ തമ്പടിച്ചിരിക്കുന്നത്‌. പാസില്ലാത്തവരെ അതിർത്തിയിൽ തടഞ്ഞത് പൊലീസും യാത്രക്കാരും തമ്മിൽ വാക്കുതർക്കത്തിന് ഇടയാക്കിയിരുന്നു. കോയമ്പത്തൂർ കാളിയപറമ്പിലുള്ള ഔട്ട് ബോണ്ട് പരിശീലന കേന്ദ്രത്തിലേക്കാണ് അർധരാത്രിയോടെ എല്ലാവരെയും മാറ്റിയത്. കോയമ്പത്തൂർ ജില്ലാ ഭരണകൂടമാണ് സൗകര്യങ്ങൾ ക്രമീകരിച്ചത്.

Reactions