Hot Posts

6/recent/ticker-posts

കൊവിഡ് പ്രതിരോധം: ട്രംപിനെതിരെ പരസ്യവിമര്‍ശനവുമായി ഒബാമ!


ന്യൂഡൽഹി : കോവിഡ് പ്രതിരോധത്തിൽ ട്രംപ് ഭരണകൂടം പരാജയമാണെന്ന് മുൻ പ്രസിഡന്റ് ബരാക് ഒബാമ. കോവിഡ് പ്രതിരോധത്തിൽ ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരസ്യമായി വിമർശിച്ചാണ് ഒബാമ രംഗത്ത് വന്നിരിക്കുന്നത്. തന്റെ ഭരണകാലയളവിൽ വൈറ്റ് ഹൗസിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ആണ് ഒബാമ ട്രംപിനെതിരെ വിമർശനമുന്നയിച്ചത്.

കോവിഡ് പ്രതിരോധത്തിനായി ട്രംപ് ഭരണകൂടം അവലംബിച്ച രീതികളെ സമ്പൂർണ ദുരന്തങ്ങൾ എന്നാണ് ഒബാമ വിശേഷിപ്പിച്ചത്. മറ്റുള്ളവർക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ല,വ്യക്തിപരമായ നേട്ടങ്ങൾ മാത്രമാണ് ട്രംപ് ആലോചിക്കുന്നതെന്ന് ഒബാമ കുറ്റപ്പെടുത്തി. വെബ് കാളിന്റെ ഓഡിയോ പുറത്ത് വന്നതോടെയാണ് ഒബാമയുടെ വിമർശനം പരസ്യമായത്. യാഹൂ ന്യൂസാണ് വെബ് കാൾ സംഭാഷണം പുറത്ത് വിട്ടത്.

"നൂറ്റാണ്ടിലെ ഏറ്റവും മോശമായ പ്രതിസന്ധികളിലൂടെ രാജ്യത്തെ നയിക്കുന്നതിൽ ട്രംപ് ഭരണകൂടം പരാജയപ്പെട്ടു. മഹാമാരിയെ നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകിയിരിക്കുകയാണ് ട്രംപ്.  മികച്ച ഭരണകൂടത്തിന്റെ അഭാവമാണ് ഇപ്പോൾ ഉള്ളത്", ഒബാമ പറഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ വീഴ്ച നവംബറിൽ വരാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഇലക്ഷനിൽ ട്രംപിന് തിരിച്ചടിയാകുമെന്നും ഒബാമ കൂട്ടി ചേർത്തു.

അമേരിക്കയിൽ കോവിഡ് പ്രതിരോധം ഏറ്റവും മോശം രീതിയിലാണെന്ന് നേരത്തെ തന്നെ വിമർശനമുയർന്നിരുന്നു. ട്രംപിന്റെ പ്രവർത്തനങ്ങളെ വിമർശിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. കൃത്യമായ പദ്ധതികൾ ഇല്ലാതെയാണ് ട്രംപ് പ്രതിരോധ പ്രവർത്തനങ്ങൾ അവലംബിച്ചതെന്നാണ് പ്രധാന വിമർശനം.

Reactions