Hot Posts

6/recent/ticker-posts

അതിഥി തൊഴിലാളികൾ സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് അഞ്ച് മരണം


ഭോപ്പാൽ : മധ്യപ്രദേശിലെ നർസിങ്പൂർ ജില്ലയിലെ പതാ ഗ്രാമത്തിന് സമീപം മാമ്പഴം കയറ്റി പോകുന്ന ട്രക്ക് മറിഞ്ഞ് 5 അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു. ഹൈദരാബാദിൽ നിന്ന് ആഗ്രയിലേക്കുള്ള യാത്രാമധ്യേ ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഡ്രൈവറും ക്ലീനറും അടക്കം 18 പേർ വാഹനത്തിൽ ഉണ്ടായിരുന്നു.

തൊഴിലാളികൾ കൂടുതലും അനധികൃതമായിട്ടാണ് യാത്ര ചെയ്തിരുന്നതെന്ന് നർസിങ്പൂർ SP ഗുർകരൻ സിങ് പറഞ്ഞു. അവർ ഇവിടെ നിന്നാണ് വാഹനത്തിൽ കയറിയതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളിൽ ഒരാളൾക്ക് ചുമയുള്ളത് ശ്രദ്ധയിൽപെട്ടിരുന്നതിനാൽ അദ്ദേഹത്തിന്റെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഗുർകരൻ സിങ് പറഞ്ഞു.

തൊഴിലാളികൾ ഉത്തർപ്രദേശിൽ നിന്നുള്ളവരാണെന്ന് മുങവാണി പോലീസ് സ്റ്റേഷൻ ചുമതലയുള്ള ശിവമംഗൽ റാത്തോഡ് പറഞ്ഞു. പരിക്കേറ്റവർ നർസിങ്പൂർ ആശുപത്രിയിൽ ചികിത്സയിൽ ആണ്.

വെള്ളിയാഴ്ച പുലർച്ചെ മഹാരാഷ്ട്രയിലെ ഔറംഗബാദിൽ റെയിൽവേ ട്രാക്കിൽ ഉറങ്ങുകയായിരുന്ന മധ്യപ്രദേശിലെ ഷാഹോൽ, ഉമരിയ ജില്ലകളിൽ നിന്നുള്ള 16 കുടിയേറ്റ തൊഴിലാളികൾക്ക് മേൽ ചരക്കു ട്രെയിൻ കയറിയതിന് പിന്നാലെയാണ് ഈ അപകടവും.

Reactions