വയനാട് : ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച യുവാവ് കഞ്ചാവ് കേസിലെ പ്രതി. സമ്പർക്ക പട്ടിക തയ്യാറാക്കുവാൻ പോലീസും ഡോക്ടർമാരും ചോദ്യം ചെയ്‌തെങ്കിലും ഇയാൾ സഹകരിക്കുന്നില്ല. PPE കിറ്റുകൾ ധരിച്ച് പൂർണ സുരക്ഷാക്രമീകരണങ്ങളോടെ കോവിഡ് സെൽ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥർ യുവാവിനെ പലതവണ ചോദ്യം ചെയ്‌തെങ്കിലും അയാൾ മറുപടിയൊന്നും നൽകുന്നില്ലെന്ന് വയനാട് ജില്ലപോലീസ് മേധാവി ആർ. ഇളങ്കോ പറഞ്ഞത്.
"സമ്പർക്ക പട്ടിക തയ്യാറാക്കാൻ യുവാവിനെ പലതവണ ചോദ്യം ചെയ്തു. ആശുപതിയിലാണ് രോഗബാധിതൻ ഇപ്പോൾ ഉള്ളത്. PPE കിറ്റുകൾ ധരിച്ച് പോലീസ് നേരത്തെ ചോദ്യം ചെയ്തതാണ്. പക്ഷെ, യാതൊരു അനുകൂല പ്രതികരണങ്ങളും ലഭിച്ചില്ല. ആശുപത്രിയിൽ ഡോക്ടർമാരും ഇയാളോട് കാര്യങ്ങൾ തിരക്കുന്നുണ്ട്. എന്നാൽ മറുപടികളൊന്നും ലഭിച്ചിട്ടില്ല. ആരെയൊക്കെ കണ്ടു, എവിടെയെല്ലാം പോയി എന്ന് പലതവണ തിരക്കി. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ എക്‌സൈസ് നേരത്തെ കേസെടുത്തിട്ടുണ്ടെന്നാണ് അറിഞ്ഞത്. ഒരുപക്ഷേ, കഞ്ചാവ് കേസുമായി ബന്ധമുള്ളതിനാലാകണം ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തത്", പോലീസ് മേധാവി പറഞ്ഞു.
കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ടാണ് യുവാവിന് കോവിഡ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. കോയമ്പേട് മാർക്കറ്റിൽ പോയി വന്ന ട്രക്ക് ഡ്രൈവറുടെ മകനുമായി ഇയാൾ സമ്പർക്കം പുലർത്തിയിട്ടുണ്ട്. കോയമ്പേട് മാർക്കറ്റിലെ ട്രക്ക് ഡ്രൈവർക്കാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾ വയനാട് സ്വദേശിയാണ്. മാർക്കറ്റിൽ പോയിവന്ന ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വയനാട് ജില്ലയിൽ ജാഗ്രത വർധിപ്പിച്ചിരുന്നു. ട്രക്ക് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ നിരീക്ഷണത്തിൽ കൊണ്ടുവന്നിരുന്നു. അതിനാൽ തന്നെ വലിയ തോതിൽ രോഗവ്യാപനം ഉണ്ടാകില്ലെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.
