വലിയവനെന്നോ ചെറിയവനെന്നോ ഉള്ള വേർതിരിവില്ലാതെ മനുഷ്യർ എല്ലാം ഒന്നാണെന്ന് പറയുകയാണ് കോവിഡ് കാലം. 25 വർഷമായി ജയ്‌പൂരിൽ സ്വർണക്കട നടത്തുന്ന ഹുകുംച്ചന്ത് സോനി ആണ് ഈ കോവിഡ് ലോക്ക്ഡൗൻ സമയത്ത് ജീവിതമാർഗമായി പച്ചക്കറിവിതരണത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. ഹുകുംചന്ദ് സോണി തന്റെ സ്വപ്നങ്ങളിൽ പോലും സങ്കൽപ്പിച്ചിരിക്കില്ല, ഉപജീവനത്തിനായി പച്ചക്കറികൾ വിൽക്കേണ്ടിവരുന്ന ഒരു കാലം വരും എന്ന്. ഒരുകാലത്ത് വിലപ്പെട്ട സ്വർണാഭരണങ്ങൾ നിറഞ്ഞിരുന്ന കട ഇന്ന് പച്ചക്കറികൾ കീഴടക്കികഴിഞ്ഞു. സ്വർണത്തിന്റെ തൂക്കം നോക്കിയിരുന്നവയ്ക്ക് പകരം പച്ചക്കറികളുടെ ഭാരം നോക്കുന്ന ഉപകരണങ്ങൾ വന്നു.
ജയ്പൂരിലെ രാം നഗറിലെ "GP ജ്വല്ലറി ഷോപ്പ്" ആണ് പുതിയ മാറ്റങ്ങൾക്ക് വിധേയമായി മറ്റൊരു മുഖഭാവവുമായി രംഗത്ത് വന്നിരിക്കുന്നത്. "ഞാൻ പച്ചക്കറികൾ വിൽക്കാൻ തുടങ്ങിയിട്ട് നാല് ദിവസമായി. ഈ ലോക്ക്ഡൗണിലെ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ കഴിയുന്ന ഒരേയൊരു മാർഗ്ഗമാണിത് എനിക്ക്. എനിക്ക് വലിയ വരുമാനങ്ങളോ സമ്പാദ്യങ്ങളോ ഇല്ല. അത് കൊണ്ടാണ് ഞാൻ ഇതുപോലൊരു കച്ചവടത്തിലേക്ക് തിരിഞ്ഞത്", സോനി പറഞ്ഞു. മാർച്ച് 25നു പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ അവശ്യകടകൾ അല്ലാത്ത എല്ലാ സ്ഥാപനങ്ങളും അടച്ചിടാൻ ഉത്തരവ് വന്നിരുന്നു. ശേഷം കട അടക്കേണ്ടി വന്നതിനാൽ വരുമാനം നിലച്ചു. എന്നിരുന്നാലും കുറച്ച് ആഴ്ചകൾ സോനിയും കുടുംബവും പിടിച്ചു നിന്നു. പക്ഷെ പിന്നീടുള്ള ദിവസങ്ങളിൽ വീട്ടുകാര്യങ്ങൾ നടത്തുന്നതിനുവേണ്ടി മറ്റേതെങ്കിലും ജോലി സ്വീകരിക്കേണ്ടി വരും എന്ന് മനസിലാക്കിയ സോനി തന്റെ സ്വർണക്കട പച്ചക്കറി കടയാക്കി മാറ്റുകയായിരുന്നു.
ചെറിയ ചെറിയ ആഭരണങ്ങൾ വിൽക്കുകയും കേടുപാട് സംഭവിച്ച ആഭരണങ്ങൾ ശരിയാക്കി കൊടുക്കുകയും ചെയ്യുന്ന കടയായിരുന്നു സോനിയുടേത്. ലോക്‌ഡൗണിന്റെ അവസരത്തിൽ തങ്ങളെ പോലെ ഉള്ളവരാണ് കൂടുതൽ ബുദ്ധിമുട്ടുന്നതെന്ന് സോനി പറയുന്നു.
"എനിക്കിപ്പോൾ ചെറിയ വരുമാനം ഉണ്ട്. ഒന്നും ചെയ്യാതെ വീട്ടിൽ ഇരിക്കുന്നതിനെക്കാൾ നല്ലതാണ് ഇത്. എനിക്ക് കടയുടെ വാടക നൽകണം. എന്റെ അമ്മയെയും മരിച്ചുപോയ ജേഷ്ഠന്റെ കുടുംബത്തെയും നോക്കണം. പച്ചക്കറി വിൽപനയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ഇതെല്ലാം സാധിക്കുമെന്ന് കരുതുന്നു.",സോനി കൂട്ടിച്ചേർത്തു.
സോനി ഒരുപാട് പേരിൽ ഒരാൾ മാത്രം. സോനിയെ പോലെ ഒരുപാട് ആളുകൾ നമുക്ക് ചുറ്റിലും ഉണ്ട്. വിശപ്പിന്റെ വിളിക്കുമുന്നിൽ പ്രതാപത്തിന് സ്ഥാനമില്ലായെന്ന് തെളിയിക്കുന്ന ഈ ജീവിതപാഠങ്ങളും കൊറോണ നമ്മെ പഠിപ്പിക്കുന്നു.
