ബഹിരാകാശയാത്രികരുടെ മൂത്രത്തിൽ നിന്ന് കട്ടിയേറിയ കോണ്ക്രീറ്റ് നിർമിക്കാൻ ആവുമെന്ന കണ്ടുപിടിത്തത്തിൽ എത്തിയിരിക്കുകയാണ് ശാസ്ത്രലോകം. നമ്മുടെ മൂത്രത്തിലെ പ്രധാന ജൈവസംയുക്തമായ യൂറിയ കോണ്ക്രീറ്റിനെ കൂടുതൽ കഠിനമുള്ളതാക്കി മാറ്റാൻ സഹായിക്കുമെന്ന് ESA അടുത്തിടെ നടത്തിയ ഗവേഷണത്തിൽ തെളിയിക്കപ്പെട്ടുകഴിഞ്ഞു.
കോണ്ക്രീറ്റിന് സമാനമായ നിർമാണ സാമഗ്രിയായ ജിയോപോളിമർ മിശ്രിതത്തിൽ യൂറിയ മറ്റ് സാധാരണ പ്ലാസ്റ്റിസ്റ്ററുകളെക്കാൾ മികച്ചതായി പ്രവർത്തിക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. 3D പ്രിന്ററിൽ നിന്ന് വരുന്ന മിശ്രിതം കൂടുതൽ കട്ടിയേറിയതാണെന്നും തെളിയിക്കപ്പെട്ടു. ഒരു പുതിയ സാമ്പിൾ എളുപ്പത്തിൽ വാർത്തെടുക്കുവാനും അതിന്റെ 10 ഇരട്ടി ഭാരമുള്ള വസ്തുക്കൾ ഈ വാർത്തെടുത്ത സാമ്പിളിന്റെ പുറത്ത് വെക്കുവാനും സാധിക്കും. "മറ്റ് മെറ്റീരിയലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ പുതുതായി നിർമിച്ചിരിക്കുന്ന കോൺക്രീറ്റ് ശാസ്ത്രലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.", ESA അഡ്വാൻസ്ഡ് കൺസെപ്റ്റ്സ് ടീം മെമ്പർ മാർലിസ് അൺഹോഫ് പറഞ്ഞു.
ചന്ദ്രന്റെ ഉപരിതലത്തിൽ കാണുന്ന പ്രത്യേകതരം മണൽ ആണ് പ്രധാനഘടകം. ഒരു വ്യക്തി ഓരോ ദിവസവും സൃഷ്ടിക്കുന്ന 1.5 ലിറ്റർ ദ്രാവക മാലിന്യം ബഹിരാകാശപര്യഗവേഷണങ്ങൾക്കുള്ള ഒരു സ്രോതസ്സായി മാറും. "വിലയില്ലാത്തതും എളുപ്പത്തിൽ ലഭ്യമായതുമാണ് യൂറിയ. മാത്രവുമല്ല ചന്ദ്രനിൽ കട്ടിയേറിയ കോൺക്രീറ്റ് നിർമാണത്തിനായി ഉപയോഗിക്കാവുന്ന നല്ലൊരു വസ്തു തന്നെയാണ് യൂറിയ.", മാർലിസ് ചൂണ്ടി കാട്ടുന്നു.
