Hot Posts

6/recent/ticker-posts

സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ! ആദ്യ പറക്കൽ തിരുവനന്തപുരത്തുനിന്ന് ഹൃദയവുമായി കൊച്ചിയിൽ


കൊച്ചി∙ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച 50 വയസുള്ള സ്ത്രീയുടെ ഹൃദയവുമായി ഉച്ചയ്ക്കു ശേഷം 3.05 ന് പുറപ്പെട്ട ഹെലികോപ്റ്റർ‌ എറണാകുളം ഹയാത്ത് ഹെലിപ്പാഡിൽ 3:55 ന് ലാൻഡ് ചെയ്തു. ഒരു മിനിറ്റിൽ ആംബുലൻസിലേയ്ക്ക് മാറ്റിയ ഹൃദയവുമായി ലിസി ആശുപത്രിയിലേയ്ക്ക് വാഹനം പുറപ്പെട്ടു, നാല് മണിക്ക് ലക്ഷ്യസ്ഥാനത്തെത്തി. ഇവിടെ ചികിത്സയിലുള്ള 49 വയസുള്ള ഭൂതത്താൻ കെട്ട് സ്വദേശിക്കാണ് ഹൃദയം മാറ്റിവയ്ക്കുന്നത്. ശസ്ത്രക്രിയ ഉടൻ തന്നെ ആരംഭിക്കും. ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോസ് പെരിയപ്പുറത്തിന്റെ നേൃത്വത്തിലാണ് എറണാകുളം ലിസി ആശുപത്രിയിൽ ശസ്ത്രക്രിയ നടക്കുന്നത്.

ദാതാവിൽ നിന്നും ഹൃദയം എടുക്കുന്നതിനുള്ള ശസ്ത്രക്രിയ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നടന്നു. ഹൃദയം കൊണ്ടുപോകാനായി ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോസ് പെരിയപ്പുറവും സംഘവും നേരത്തെ തലസ്ഥാനത്തെത്തിയിരുന്നു. സർക്കാരിന്റെ മൃതസഞ്ജീവനി  പദ്ധതി വഴിയാണ് അവയവ കൈമാറ്റം.

കേരളം വാടകയ്ക്കെടുത്ത പവന്‍ ഹംസിന്‍റെ ‘എഎസ് 365 ഡൗഫിൻ എൻ’ ഹെലികോപ്റ്റര്‍ കഴിഞ്ഞ മാസം പകുതിയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. ചാക്കയിലെ രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലാണ് ഹെലികോപ്റ്റര്‍ ഉള്ളത്. മാസവാടക ഒന്നര കോടിയോളം രൂപയാണ്. ഫ്രഞ്ച് നിർമിതമായ ഹെലികോപ്റ്ററിൽ 10 സീറ്റുകളാണുള്ളത്.

Reactions