Hot Posts

6/recent/ticker-posts

രാജ്യത്ത് ആദ്യമായ് കോവിഡ് രോഗികള്‍ 10,000 കടന്നു; മരണം 396


ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 10,000ത്തില്‍ അധികം ആളുകള്‍ക്ക് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. 10,956 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇത് ആദ്യമായാണ് രാജ്യത്ത് ഒറ്റ ദിവസം 10,000 ത്തില്‍ അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. 396 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,97,535 ആയി. 1,41,842 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗം ഭേദമായവര്‍ 1,47195. 

പത്തുദിവസത്തിനകം 90,000ത്തിലേറെ രോഗികളുടെ വര്‍ധന. വ്യാഴാഴ്ച രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറില്‍ 9996 പുതിയ രോഗികളും 357 മരണവുമുണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്. 

അതേസമയം, കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തി. റഷ്യ, ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ മാത്രമാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയെക്കാള്‍ മുന്നിലുള്ളത്.

രോഗികളുടെ എണ്ണത്തില്‍ കുതിക്കുകയാണെങ്കിലും മരണനിരക്ക് ആഗോളതലത്തില്‍ ഏറ്റവും കുറവാണ് ഇന്ത്യയില്‍, 2.8 ശതമാനം. ഇന്ത്യയിലെ കോവിഡ് രോഗികള്‍, മറ്റു രാജ്യങ്ങളിലേതിനേക്കാള്‍ പ്രായം കുറഞ്ഞവരായതുകൊണ്ടാണ് മരണനിരക്ക് കുറഞ്ഞത് എന്നാണ് നിഗമനം.

അതിനിടെ, രാജ്യത്ത് 30ശതമാനം ജനങ്ങള്‍ക്ക് വരെ കോവിഡ് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐ.സി.എം.ആര്‍) മുന്നറിയിപ്പ് നല്‍കി. രോഗബാധ മാസങ്ങള്‍ നീളും. നഗരങ്ങളിലെ ചേരികളിലാണ് രോഗവ്യാപന സാധ്യത കൂടുതലെന്ന് 83 ജില്ലകളിലെ 26,400 പേരില്‍ നടത്തിയ സീറോ സര്‍വേ വിവരം വെളിപ്പെടുത്തി ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. 



Reactions