ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് റെക്കോർഡ് വർധന. 24 മണിക്കൂറിനുള്ളിൽ 15,968 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 465 പേർ മരണമടയുകയും ചെയ്തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തു വിട്ട വിവരമനുസരിച്ച് ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,56,183 ആയി ഉയർന്നു. 14,476 പേർ കോവിഡ് ബാധിച്ച് മരിച്ചു. 1,83,022 പേർ നിലവിൽ ചികിത്സയിലാണ്. 2,58,685 പേർ രോഗമുക്തി നേടി.
1,39,010 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച മഹാരാഷ്ട്രയെയാണ് രോഗം അതിരൂക്ഷമായി പിടിച്ചുലച്ചത്. ഇതിൽ 62,848 പേർ ചികിത്സയിൽ തുടരുകയാണ്. 69,631 പേർ രോഗമുക്തി നേടിയപ്പോൾ 6,531 പേർ മരണത്തിന് കീഴടങ്ങി. ഡൽഹിയിൽ 66,602 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ 2,301 പേർ മരിച്ചു.
തമിഴ്‌നാട്ടില്‍ 64000-ത്തിലേറെ രോഗികളുണ്ട്. മരണസംഖ്യ 900-ത്തിലേക്ക് അടുക്കുകയാണ്. ആന്ധ്ര പ്രദേശിലും രോഗികളുടെ എണ്ണം 10,000 കടന്നു. ഇതോടെ പതിനായിരത്തിന് മുകളില്‍ കോവിഡ് രോഗികളുള്ള സംസ്ഥാനങ്ങളുടെ എണ്ണം പത്തായി.
