കൊച്ചി: റെക്കോഡുകള്‍ തിരുത്തി സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സ്വര്‍ണ വില 35,680 രൂപയിലെത്തി. 4460 രൂപയാണ് ഗ്രാമിന്റെ വില. ശനിയാഴ്ച രണ്ടു തവണയായാണ് വിലയില്‍ വര്‍ധനവുണ്ടായത്. രാവിലെ 35,400 രൂപയായും ഉച്ചകഴിഞ്ഞ് 35,520 രൂപയായും വിലകൂടി.
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് സ്വര്‍ണവില റെക്കോഡ് നിലയിലേക്ക് കുതിക്കാന്‍ കാരണം. കോവിഡില്‍ മറ്റ് വിപണികള്‍ അനിശ്ചിതത്വത്തിലായതും സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില വര്‍ധനയ്ക്കിടയാക്കി.
ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് പവന്‍ വിലയില്‍ 6,560 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ജനുവരി ഒന്നിന് പവന് 29,000 രൂപയും ഗ്രാമിന് 3,625 രൂപയുമായിരുന്നു വില. ലോകത്ത് സ്വര്‍ണ ഉപഭോഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും.
