കാസർകോട് : കോവിഡ് നിരീക്ഷണത്തിലിരിക്കെ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട റിമാന്റ് പ്രതികളെ പിടികൂടി. ഇവരെ പോലീസ് പിടികൂടി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ വൈറലായി.
ബുധനാഴ്ച രാത്രി 8 മണിയോടെയാണ് കുമ്പളയിൽ നിന്ന് പിടികൂടിയ കഞ്ചാവ് കേസിലെ പ്രതികളായ കണ്ണൂർ ധർമ്മടം സ്വദേശി സൽമാൻ (21), മുഴപ്പിലങ്ങാട് സ്വദേശി അർഷാദ് (23) എന്നിവരാണ് ആശുപത്രിയിലെ കക്കൂസിലെ എക്‌സ്ഹോസ്റ്റ് ഫാൻ ഇളക്കിമാറ്റി കടന്നുകളഞ്ഞത്. ആശുപത്രി വാർഡിൽ മൂന്ന് ജയിൽ വർഡന്മാരാണ് കാവലായി ഉണ്ടായിരുന്നത്. പിടികൂടിയ പ്രതികളെ കൂടാതെ വാർഡിൽ ആറുപേരുണ്ടായിരുന്നു. രാത്രി ഏഴുമണിയോടെ രണ്ടാം നിലയിലെ വാർഡിലെ കക്കൂസിൽ പോയ പ്രതികൾ പൈപ്പ് തുറന്നുവിട്ടു. ഈ ശബ്ദത്തിനിടെ എക്‌സ്ഹോസ്റ്റ് ഫാൻ ഇളക്കിമാറ്റി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ രാജപുരം CI ബാബു പേരിങ്ങോത്തിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി. ചുള്ളിക്കരക്കടുത്തുള്ള മില്ലിന് സമീപത്ത് വെച്ച് നടന്നുപോകുകയായിരുന്ന പ്രതികൾ നാട്ടുകാരെ കണ്ടതും അടുത്തുള്ള കെട്ടിടത്തിൽ ഒളിച്ചു. രാത്രി പത്തരയോടെ അന്വേഷണത്തിന് വിരാമമായി. പോലീസ് സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു.
ചുള്ളിക്കരയിലെത്തിയ പ്രതികൾ നടന്നുപോവുകയായിരുന്ന അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോണും പിടിച്ച് വാങ്ങി. തൊഴിലാളികളാണ് പരിസരവാസികളെ വിവരമറിയിച്ചത്.
ചൊവ്വാഴ്ചയാണ് ആറുകിലോ ഗ്രാം കഞ്ചാവുമായി മൂന്നുപേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. അര്‍ഷാദിനും സല്‍മാനും പുറമേ പുത്തിഗെ മുഗു റോഡിലെ മുഹമ്മദ് ഷെരീഫിനെയും (20) പോലീസ് പിടികൂടിയിരുന്നു. ഇവരെ കാസര്‍കോട് കോടതിയില്‍ എത്തിച്ച ശേഷം കൊവിഡ് പരിശോധനക്കായി സ്രവമെടുത്ത് വൈകീട്ടോടെയാണ് പൂടംകല്ലിലെ ആശുപത്രിയിലെത്തിച്ചത്. അതേസമയം കേസിലെ പ്രതിയായ പുത്തിഗെ മുഗു റോഡിലെ മുഹമ്മദ് ഷെരീഫ് ആശുപത്രിയിലുണ്ട്. പോലീസ് സ്‌റ്റേഷനിലെത്തിച്ച പ്രതികളെ വീണ്ടും ആശുപത്രിയിലെത്തിച്ചു. പ്രതികള്‍ക്ക് കൊവിഡ് സ്ഥിരീകരണം വന്നാല്‍ നാട്ടുകാരും പോലീസുകാരുമടക്കം നിരവധി പേര്‍ നിരീക്ഷണത്തില്‍ പോകേണ്ടിവരുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
