Hot Posts

6/recent/ticker-posts

മരിച്ച അമ്മ ഉയര്‍ത്തെണീക്കും; പാലക്കാട് മകള്‍ മൃതശരീരം സൂക്ഷിച്ചത് മൂന്നു ദിവസം



പാലക്കാട്: മരിച്ച മൂന്നാം ദിവസം ഉയര്‍ത്ത് എണീക്കുമെന്ന് കരുതി അമ്മയുടെ മൃതശരീരം മകള്‍ വീട്ടില്‍ സൂക്ഷിച്ചു. ചളവറ രാജ്ഭവനിലെ ഓമനയുടെ (72) മൃതദേഹത്തിനരികിലാണ് മകള്‍ ഡോ. കവിത മൂന്നു ദിവസം മറുവുചെയ്യാതെ പ്രാര്‍ഥനയുമായി കഴിഞ്ഞത്. 

ഞായറാഴ്ച പുലര്‍ച്ചെ മരിച്ച അമ്മയുടെ മരണം ഉള്‍ക്കൊള്ളാനായില്ലെന്നും പ്രാര്‍ഥന നടത്തിയാല്‍ അമ്മ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തിലായിരുന്നു താനെന്നും കവിത പോലീസിന് മൊഴിനല്‍കി. എന്നാല്‍ പ്രാര്‍ഥനയ്ക്ക് ഫലം കാണാതിരുന്നപ്പോള്‍ അമ്മ മരിച്ചെന്നും മൃതദേഹം സംസ്‌കരിക്കണമെന്നും കവിത അയല്‍വാസിയെ അറിയിക്കുകയായിരുന്നു.

ആരോഗ്യവകുപ്പുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് മനസിലാക്കിയത്. മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധവും വമിക്കുന്നുണ്ടായിരുന്നു. കോവിഡ് സെല്ലിന്റെ സഹായത്തോടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബുധനാഴ്ച കോവിഡ് പരിശോധനയും പോസ്റ്റ്‌മോര്‍ട്ടവും നടത്തും.

ജലസേചനവകുപ്പുദ്യോഗസ്ഥന്‍ പരേതനായ ശ്രീധരന്‍പിള്ളയുടെ ഭാര്യ ഓമന ചളവറ എ.യു.പി. സ്‌കൂള്‍ റിട്ട. അധ്യാപികയാണ്. ഓര്‍മക്കുറവുണ്ടായിരുന്ന ഓമനയുടെ വലതുപാദം പ്രമേഹത്തെത്തുടര്‍ന്ന് മുറിച്ചു മാറ്റിയിരുന്നു. ചളവറ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനുസമീപത്തെ വീട്ടിലാണ് വര്‍ഷങ്ങളായി അമ്മയും മകളും താമസിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കവിത ഹോമിയോ ക്ലിനിക് നടത്തിയിരുന്നു. വിരമിച്ച ശേഷം ഓമനയും മകള്‍ കവിതയും തനിച്ചായിരുന്നു താമസം. എന്നാല്‍ ഇവര്‍ക്ക് അയല്‍വാസികളോടു പോലും വലിയ അടുപ്പമില്ലായിരുന്നു.

Reactions