ന്യൂഡല്‍ഹി:കോവിഡ് ചികിത്സ ഡല്‍ഹിയില്‍ താമസിക്കുന്നവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്നുവെന്ന മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പ്രഖ്യാപനം തള്ളി ഡല്‍ഹി ഗവര്‍ണര്‍. ഡല്‍ഹിയില്‍ എല്ലാവര്‍ക്കും ചികിത്സ നല്‍കും. ഡല്‍ഹി നിവാസിയല്ലാ എന്ന കാരണത്താന്‍ ഒരാള്‍ക്കും ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു.
'ആരോഗ്യത്തിനുള്ള അവകാശം' ഭരണഘടനാപരമായ 'ജീവിക്കാനുള്ള അവകാശത്തി'ന്റെ ഭാഗം തന്നെയാണെന്ന് സുപ്രിം കോടതി വിവിധ വിധികളിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ലഫ്റ്റന്റെ് ഗവര്‍ണറുടെ ഉത്തരവ്.
ഇക്കാര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച പൊതുജനാഭിപ്രായം തേടിയിരുന്നു. 90 ശതമാനം പേരും ചികിത്സ ഡല്‍ഹിക്കാര്‍ക്കു മാത്രമായി ചുരുക്കണമെന്ന് അഭിപ്രായപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരുള്‍പ്പെടെയുള്ള അഞ്ചംഗ വിദഗ്ധ സമിതിയുടെ നിര്‍ദേശപ്രകാരമാണു അന്തിമതീരുമാനമെടുത്തത്.
കേജരിവാളിന്റെ തീരുമാനം മലയാളികളുള്‍പ്പടെ ഇതര സംസ്ഥാനക്കാരെ ആശങ്കയിലാഴ്ത്തിയിരുന്നു. കേജരിവാളിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. ആരാണ് ഡല്‍ഹി നിവാസിയെന്ന് വ്യക്തമാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം ആവശ്യപ്പെട്ടിരുന്നു.
