തിരുവനന്തപുരം: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനു പകരം പിപിഇ കിറ്റുകൾ കേരളത്തിലെത്തുന്ന പ്രവാസികൾക്ക് വേണമെന്ന സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പിപിഇ കിറ്റ് സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള തീരുമാനം മാത്രമാണെന്നും, പ്രതിപക്ഷത്തിന്റെ ശക്തമായ സമരവും പ്രവാസി ലോകത്തിന്റെ രോഷവും കണക്കിലെടുത്താണ് ഈ തീരുമാനത്തിലെത്തിയതെന്നും അത് സമ്മതിക്കാനുള്ള ജാള്യത കൊണ്ടാണ് പിപിഇ കിറ്റിന്റെ കാര്യം പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
സര്‍ക്കാര്‍ തുടക്കം മുതല്‍ പ്രവാസികള്‍ വരരുത് എന്ന മനോഭാവത്തോടെയാണ് പ്രവര്‍ത്തിച്ചത്. ഇന്നത്തെ മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ പറഞ്ഞതെല്ലാം തെറ്റാണ് എന്ന വസ്തുത കണക്കിലെടുത്തുകൊണ്ടുള്ളതാണ്. തീരുമാനമെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട അവധാനത സര്‍ക്കാരിന് പ്രവാസികളുടെ കാര്യത്തില്‍ ഉണ്ടായിരുന്നില്ല. ഗള്‍ഫില്‍ 300 മലയാളികളാണ് മരിച്ചത്. നേരത്തെ ആലോചിച്ച് കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ഇത്രയും പേര്‍ മരിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഓരോ സമയത്തും സര്‍ക്കാര്‍ നിബന്ധനകള്‍ മാറ്റി പറഞ്ഞത് ബോധപൂര്‍വ്വമായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. പ്രവാസികള്‍ക്ക് ധാരാളം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച ചെന്നിത്തല പ്രവാസികള്‍ക്ക് 5000 രൂപ കൊടുക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും എത്രപേര്‍ക്ക് കൊടുത്തുവെന്ന് ചോദിച്ചു. ഇതിനായി ഇപ്പോള്‍ പ്രത്യേകം സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
