ആലപ്പുഴ: എസ്എൻഡിപി യൂണിയൻ ഓഫീസിൽ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായ കെ.കെ. മഹേശനെയാണ് എസ്എൻഡിപി യൂണിയൻ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം കണ്ടത്.
മഹേശനെ ഫോണിൽ വിളിച്ച് കിട്ടാതിരുന്ന ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ് ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മഹേശന്റെ വാഹനം ഓഫീസിന് പുറത്ത് നിർത്തിയിട്ടിരുന്നു. തുടർന്ന് ഓഫീസിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.
മഹേശന്റേത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും പോലീസ് പറഞ്ഞു. അതേസമയം, മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് മഹേശന്റെ ആത്മഹത്യയെന്ന് ഇതിനോടകം ആരോപണമുയർന്നിട്ടുണ്ട്.
ദീർഘനാളായി കണിച്ചുകുളങ്ങര യൂണിയന്റെ സെക്രട്ടറിയായ് കെ.കെ. മഹേശൻ പ്രവർത്തിച്ചിട്ടുണ്ട്. ഇതിന് പുറമേ മൈക്രോ ഫിനാൻസ് കോ-ഓർഡിനേറ്റർ, ചേർത്തല യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ തുടങ്ങിയ പദവികളും വഹിച്ചിരുന്നു.
