Hot Posts

6/recent/ticker-posts

കഠിനംകുളം കൂട്ടബലാത്സംഗം; പിതാവ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ അഞ്ചു വയസുകാരന്റെ മൊഴി


തിരുവനന്തപുരം: മദ്യം നല്‍കി യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും കൂട്ടബലാത്സംഗം നടത്തിയ കേസില്‍ പ്രതികള്‍ക്കെതിരായ് കുട്ടിയുടെ മൊഴി. യുവതിയുടെ അഞ്ച് വയസ്സുള്ള മകനാണ് പിതാവ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരേ മൊഴി നല്‍കിയത്. അമ്മയെ ഉപദ്രവിക്കുന്നത് താന്‍ കണ്ടെന്നും, ഇത് കണ്ട് കരഞ്ഞ തന്നെ തള്ളിയിട്ടെന്നുമാണ് മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പോക്സോ നിയമപ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്. അതിനാല്‍ കുട്ടിയുടെ മൊഴി കേസില്‍ ഏറെ നിര്‍ണായകമാണ്.

അതിനിടെ, ഭര്‍ത്താവ് ലഹരിക്ക് അടിമയാണെന്നും നിരവധിതവണ വീട്ടില്‍വെച്ച് മദ്യപിക്കാന്‍ നിര്‍ബന്ധിച്ചിരുന്നതായും യുവതിയും വെളിപ്പെടുത്തി. സംഭവസ്ഥലത്ത് നിന്ന് യുവതിയുടെ ബാഗും ചെരിപ്പും ചുരിദാറിന്റെ ഷാളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ പ്രതികളെ ശനിയാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കും. കോവിഡ് പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാകും പ്രതികളെ ഹാജരാക്കുക. 

തിരുവനന്തപുരം കഠിനംകുളത്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ ഏഴ് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ ഭര്‍ത്താവിന് പുറമേ ചാന്നാങ്കര ആറ്റരുകത്ത് വീട്ടില്‍ മന്‍സൂര്‍ (40), ചാന്നാങ്കര പുതുവല്‍ പുരയിടത്തില്‍ അക്ബര്‍ ഷാ (20), ചാന്നാങ്കര അന്‍സി മന്‍സിലില്‍ അര്‍ഷാദ് (35), പള്ളിപ്പുറം സി.ആര്‍.പി.എഫ്. ജങ്ഷന്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ നൗഫല്‍ ഷാ (27), പോത്തന്‍കോട് പാലോട്ടുകോണം കരിമരത്തില്‍ വീട്ടില്‍ അന്‍സാര്‍ (33), വെട്ടുതുറ പുതുവല്‍ പുരയിടത്തില്‍ രാജന്‍ സെബാസ്റ്റ്യന്‍ (62) എന്നിവരാണ് പിടിയിലായത്.

യുവതിയുടെ ഭര്‍ത്താവാണ് പീഡനത്തിന് ഒത്താശചെയ്തത്. ബീച്ചിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് വ്യാഴാഴ്ച വൈകീട്ട് പോത്തന്‍കോട്ടെ വീട്ടില്‍നിന്ന് യുവതിയെയും രണ്ടു മക്കളെയും കഠിനംകുളത്തെ രാജന്‍ സെബാസ്റ്റ്യന്റെ വീട്ടിലെത്തിച്ചത്. അവിടെവെച്ച് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു.

സംഘത്തിലെ ഒരാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ മൂത്ത മകനെയുമെടുത്ത് യുവതി ഇറങ്ങിയോടി. ഇളയമകന്‍ നേരത്തേ ഭര്‍ത്താവിനൊപ്പം പുറത്തേക്ക് പോയിരുന്നു. പിറകേയെത്തിയവര്‍ ഭര്‍ത്താവ് പ്രശ്നമുണ്ടാക്കുകയാണെന്നും തിരികെയെത്തണമെന്നും നിര്‍ബന്ധിച്ചു. അവിടെനിന്ന് യുവതിയെ ഇവര്‍ ഓട്ടോയില്‍ക്കയറ്റി തൊട്ടടുത്ത കാട്ടിലെത്തിച്ച് പീഡിപ്പിച്ചു. മുഖത്തടിക്കുകയും ദേഹത്ത് പൊള്ളലേല്‍പ്പിക്കുകയും ചെയ്തു.

ഒപ്പമുണ്ടായിരുന്ന മകന്റെ മുന്നില്‍വെച്ചാണ് യുവതി ക്രൂരമായ പീഡനത്തിനിരയായത്. ബോധം നഷ്ടപ്പെട്ട യുവതി മകന്റെ കരച്ചില്‍കേട്ട് ഉണര്‍ന്നു. മകനെ വീട്ടിലാക്കണമെന്ന് പറഞ്ഞ് ഇവരുടെ വാഹനത്തില്‍ക്കയറാതെ റോഡിലേക്ക് ഓടി. വഴിയില്‍ക്കണ്ട കാറിന് കൈകാണിച്ച് അതില്‍ കയറുകയായിരുന്നു. അവരോട് സംഭവങ്ങള്‍ പറയുകയും പോത്തന്‍കോട്ടുള്ള വീട്ടിലെത്തിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. യുവതിയെ വീട്ടിലെത്തിച്ചശേഷം കാര്‍ യാത്രക്കാര്‍ കഠിനംകുളം പോലീസില്‍ അറിയിച്ചു. സംഭവത്തിനുശേഷം മകനുമായി വീട്ടിലെത്തിയ ഭര്‍ത്താവ് സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതിപ്പെടരുതെന്ന് ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു. യുവതിയുടെ അമ്മയാണ് പോലീസില്‍ പരാതിനല്‍കിയത്.

Reactions