ചെന്നൈ: തമിഴ്നാട് ഡിഎംകെ എം.എല്‍.എ ജെ. അന്‍പഴകന്‍ (62) കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈ ചെപ്പോക്കിലെ എംഎല്‍എ ആണ് ഇദ്ദേഹം. കോവിഡ് ബാധിച്ച് കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അന്‍പഴകന്‍ ഇന്ന് രാവിലെയാണ് മരിച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഇദ്ദേഹത്തിന് രോഗം പകര്‍ന്നതെന്നാണ് നിഗമനം. രാജ്യത്ത് രോഗം ബാധിച്ച് മരിക്കുന്ന ആദ്യ എംഎല്‍എ ആണ് അന്‍പഴകന്‍
ഇന്ന് രാവിലെ 8.05 നാണ് അന്‍പഴകന്‍ മരണത്തിന് കീഴടങ്ങിയത്. ഇദ്ദേഹത്തിന്റെ ജന്മദിനം കൂടിയായിരുന്നു ഇന്ന്. ചെപ്പോക്കിലും ട്രിപ്ലിക്കനിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് രംഗത്തിറങ്ങിയ ജനപ്രതിനിധിയായിരുന്നു ഇദ്ദേഹം.
ദിവസങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹത്തിന് രോഗം ഗുരുതരമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് ചികിത്സയോട് അനുകൂലമായി ശരീരം പ്രതികരിച്ചിരുന്നു. എന്നാല്‍ രണ്ടുദിവസം മുമ്പ് ആരോഗ്യ നില വീണ്ടും വഷളാവുകയും രാവിലെയോടെ മരണം സംഭവിക്കുകയുമായിരുന്നു.
ഡിഎംകെയിലെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിലൊരാളായിരുന്നു ഇദ്ദേഹം. പാര്‍ട്ടി അധ്യക്ഷന്‍ സ്റ്റാലിനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇദ്ദേഹം ഡിഎംകെ ജില്ലാ സെക്രട്ടറിയുമായിരുന്നു. ഇദ്ദേഹത്തിന്റെ മണ്ഡലത്തില്‍ 82 പേര്‍ക്ക് കോവിഡ് ബാധിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും അവശ്യ സാധനങ്ങള്‍ സാധാരണക്കാര്‍ക്ക് എത്തിച്ചുനല്‍കുന്നതിനും മുന്നിട്ടിറങ്ങിയ ആളായിരുന്നു അന്‍പഴകന്‍.
