കോട്ടയം: മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനി പരീക്ഷക്കിടെ കോപ്പിയടിച്ചെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തു വിട്ട് കോളേജ് അധികൃതര്‍. പാഠഭാഗങ്ങള്‍ എഴുതിയ ഹാള്‍ ടിക്കറ്റും പരീക്ഷ ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങളും കോളജ്് അധികൃതര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. അധ്യാപകര്‍ വിദ്യാര്‍ഥിനിയെ മാനസികമായി പീഡിപ്പിച്ചെന്ന വീട്ടുകാരുടെ ആരോപണവും കോളജ് അധികൃതര്‍ നിഷേധിച്ചു. പാലാ ചേര്‍പ്പുങ്കല്‍ ബി.വി.എം ഹോളിക്രോസ് കോളേജ് അധികൃതര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പെന്‍സില്‍ ഉപയോഗിച്ചാണ് ഹാള്‍ ടിക്കറ്റിന് പിന്നില്‍ അഞ്ജു എഴുതിയിരുന്നത്. ഉച്ചയ്ക്ക് 1.30 നാണ് പരീക്ഷ തുടങ്ങിയത്. 1.50നാണ് കോപ്പി കണ്ടെത്തിയത്. പരീക്ഷാഹാളില്‍നിന്ന് ഒരു മണിക്കൂര്‍ കഴിയാതെ വിദ്യാര്‍ഥിയെ പുറത്തിറക്കാനാവില്ലെന്നതിനാലാണ് അല്‍പസമയം കൂടി പരീക്ഷാഹാളിനകത്ത് ഇരുത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രിന്‍സിപ്പലിന്റെ ഓഫിസില്‍ എത്താനാണ് വിദ്യാര്‍ഥിനിയോട് പറഞ്ഞിരുന്നത്. എന്നാല്‍, കുട്ടി കോളജില്‍ നിന്ന് ഇറങ്ങിപോകുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം, മകള്‍ കോളജിലെ മിടുക്കരായ അഞ്ചു വിദ്യാര്‍ഥിനികളില്‍ ഒരാളൊണെന്നും ഒരിക്കലും കോപ്പിയടിക്കില്ലെന്നുമാണ് പിതാവ് ഷാജി പറയുന്നത്. മരണത്തില്‍ പ്രിന്‍സിപ്പലിന്റെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോപ്പിയടിച്ചതിന്റെ തെളിവ് ചോദിച്ചിട്ട് കോളജ് അധികൃതര്‍ തന്നില്ല. സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പ്രിന്‍സിപ്പല്‍ അഞ്ജുവിന്റെ അടുത്ത് എത്തുന്നതും േപപ്പര്‍ വാങ്ങിപ്പോകുന്നതും കാണുന്നുണ്ട്. തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം ക്ലാസില്‍ ഇരുന്ന ശേഷമാണ് അഞ്ജു പുറത്തേക്ക് പോകുന്നത്. മാനസിക പീഡനത്തെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇതിനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജിലെ മൂന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയാണ് അഞ്ജു. ശനിയാഴ്ച പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിനു പിടിച്ചതായി കോളജ് അധികൃതര്‍ ആരോപിച്ചതിനു പിന്നാലെയാണ് വിദ്യാര്‍ഥിനിയെ കാണാതായത്. തിങ്കളാഴ്ച രാവിലെ മീനച്ചിലാറ്റില്‍ ചെമ്പിളാവ് ഭാഗത്തു നിന്നാണ് അഞ്ജുവിന്റെ മൃതദേഹം കണ്ടെടുത്തത്.
