കൊച്ചി : വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വാങ്ങാൻ സർക്കാർ സഹായം. കുടുംബശ്രീയും KSFE ഉം സംയുക്തമായാണ് പ്രത്യേക മൈക്രോ ചിട്ടി അവതരിപ്പിച്ചിരിക്കുന്നത്. പഠനാവശ്യത്തിനുള്ള 15,000 രൂപയിൽ താഴെ വിലയുള്ള ലാപ് ടോപ്പാണ് ഇതിലൂടെ ലഭിയ്ക്കുക. ലാപ് ടോപ്പ് വാങ്ങാൻ ആഗ്രഹിയ്ക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് പദ്ധതിയിൽ ചേരാം.
കുടുംബശ്രീയ്ക്ക് വേണ്ടി കെഎസ്എഫ്ഇ ആണ് ചിട്ടി നടത്തുന്നത്. ഇതിലേക്ക് 500 രൂപ വീതം 30 മാസമാണ് തുക അടയ്ക്കണ്ടത്. മൂന്നു മാസം 500 രൂപ വീതം(1500 രൂ) അടച്ചവർക്ക് ലാപ്ടോപ്പ് ലഭിയ്ക്കും. തവണത്തുക മുടക്കാത്തവര്‍ക്ക് ഓരോ പത്തു തവണ കഴിയുമ്പോഴും അടുത്ത മാസത്തെ തവണ കെഎസ്എഫ്ഇ നൽകും. 1500 രൂപയാണ് കെഎസ്എഫ്ഇ നൽകുക.
അടുത്ത മൂന്നു മാസത്തിനകം രണ്ടു ലക്ഷം ലാപ് ടോപ്പുകളാണ് പദ്ധതിയ്ക്ക് കീഴിൽ കുട്ടികൾക്ക് നൽകാൻ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികൾക്കും അയൽക്കൂട്ട പഠന കേന്ദ്രങ്ങൾ തുടങ്ങുന്നതിന് ഒപ്പമാണ് ലാപ് ടോപ് വാങ്ങാൻ പുതിയ പദ്ധതി ഒരുക്കുന്നത്.
