Hot Posts

6/recent/ticker-posts

കോവിഡ് ബാധിച്ച് കണ്ണൂരില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു




കണ്ണൂര്‍: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ സ്വദേശി കെ.പി. സുനില്‍ (28) ആണ് മരിച്ചത്. മട്ടന്നൂരില്‍ എക്‌സൈസ് ഡ്രൈവറായിരുന്നു സുനില്‍. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 21 ആയി.

സുനില്‍ കുമാറിന് എങ്ങനെയാണ് കോവിഡ് പിടി പെട്ടതെങ്ങനെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഒരാഴ്ച മുമ്പ് റിമാന്‍ഡ് പ്രതിയെയും കൊണ്ട് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും തോട്ടടയിലെ നിരീക്ഷണ കേന്ദ്രത്തിലും ഇയാള്‍ പോയിരുന്നെങ്കിലും ഇവിടുന്നാണോ രോഗബാധയുണ്ടായെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

ഒരാഴ്ച മുമ്പ് തൊണ്ടവേദനയെത്തുടര്‍ന്ന് ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പനിയെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇവിടുന്ന് പനി മൂര്‍ച്ഛിച്ചതോടെ കഴിഞ്ഞ 14 നാണ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇയാളുടെ സമ്പര്‍ക്ക പട്ടികയില്‍ 150 ഓളം പേര്‍ ഉള്‍പ്പെട്ടതായാണ് അരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന വിവരം. പടിയൂര്‍ പഞ്ചായത്തില്‍ മാത്രം 72 പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇനിയും കൂടുതല്‍ പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിവരം.

ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറെ കോവിഡ് ലക്ഷണങ്ങളെത്തുടര്‍ന്ന് ഇന്നലെ രാത്രി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എക്‌സൈസ് ഡ്രൈവറുടെ കുടുംബാംഗങ്ങളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മട്ടന്നൂരില്‍ എക്‌സൈസ് ഓഫീസും അടച്ചിട്ടിരിക്കുകയാണ്. ഇവിടെയുള്ള ജീവനക്കാര്‍ ക്വാറന്റൈനിലാണ്.


Reactions